ടി20 ഫോർമാറ്റിൽ തുടരുമോ, ഒടുവിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ക്രിക്കറ്റ് താൻ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായാണ് ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് രോഹിത് ശർമ്മ വിരാമമിട്ടത്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഹിറ്റ്മാന് നഷ്ടമായി. ഇതിന് പിന്നാലെ പ്രഖ്യാപിച്ച ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ നിന്നും രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ എന്നിവരെ ബിസിസിഐ ഒഴിവാക്കിയിരുന്നു.

” ഒന്നാമതായി ഇത് ഏകദിന ലോകകപ്പിൻ്റെ വർഷമാണ്. ചില കളിക്കാർക്കും എല്ലാ ഫോർമാറ്റിലും തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് സാധ്യമല്ല. ചില കളിക്കാരുടെ ജോലിഭാരം നിയന്ത്രിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ കളിക്കാർക്കും മതിയായ ഇടവേള നൽകേണ്ടതുണ്ട്. ഞാനും അതിൽ ഉൾപെടും. “

6 ടി20 മത്സരങ്ങൾ മാത്രമാണ് ഉള്ളത്. അതിൽ മൂന്നെണ്ണം കഴിഞ്ഞു, ന്യൂസിലൻഡിനെതിരായ മൂന്ന് ടി20 മത്സരങ്ങൾ നടക്കാനിരിക്കുന്നു. ഐ പി എല്ലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഈ ഫോർമാറ്റ് ഞാൻ പൂർണമായും ഉപേക്ഷിച്ചിട്ടില്ല. ” രോഹിത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി പത്തിന് ഗുവാഹത്തിയിലാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം ജനുവരി 12 ന് കൊൽക്കത്തയിലും മൂന്നാം മത്സരം തിരുവനന്തപുരത്തുമാണ് നടക്കുന്നത്. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്ലിയും കെ എൽ രാഹുലും ഇന്ത്യയ്ക്കായി തിരിച്ചെത്തും.