ഇന്ത്യയ്ക്ക് തിരിച്ചടി, ബുംറയ്‌ക്ക് പ്രധാനപെട്ട പരമ്പരയും നഷ്ടമാകും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇനിയും വൈകിയേക്കുമെന്ന് റിപോർട്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ ഉൾപെടുത്തിയിരുന്നുവെങ്കിലും പരമ്പരയ്ക്ക് ഒരു ദിവസം മുൻപേ ബുംറയെ ടീമിൽ നിന്നും ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു.

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചതിനെ തുടർന്നായിരുന്നു ഏകദിന പരമ്പരയിൽ ബുംറയെ ഉൾപ്പെടുത്തിയത്. എന്നാൽ പിന്നീട് പുറകിൽ പിരിമുറുക്കമുണ്ടെന്ന് ബുംറ പറഞ്ഞതോടെയാണ് പരമ്പരയിൽ നിന്നും ഇന്ത്യ താരത്തെ ഒഴിവാക്കിയത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബൗളിങ് പുനരാരംഭിക്കുന്നതിന് മുൻപ് മൂന്നോ നാലോ ആഴ്ചവിശ്രമം മെഡിക്കൽ ടീം നിർദ്ദേശിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഓസ്ട്രേലിയക്കെതിരായ നിർണായകമായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യൻ പേസർക്ക് നഷ്ടമാകും.

ടെസ്റ്റ് പരമ്പര പൂർണമായും നഷ്ടപെട്ടാൽ ഐ പി എല്ലിലൂടെയായിരിക്കും താരം പ്രൊഫഷണൽ ക്രിക്കറ്റിൽ തിരിച്ചെത്തുക.

വിക്കറ്റ് കീപ്പർ റിഷഭ് പന്തിനൊപ്പം ബുംറയുടെയും അസാന്നിധ്യം പരമ്പരയിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ എങ്കിലും വിജയിച്ചാൽ മാത്രമേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് സാധിക്കൂ. മറുഭാഗത്ത് ഇന്ത്യയ്ക്കെതിരെ ഒരു സമനില നേടിയാൽ ഓസ്ട്രേലിയക്ക് ഫൈനൽ ഉറപ്പിക്കാൻ സാധിക്കും. പരമ്പരയിൽ 4-0 ന് പരാജയപെട്ടാലും ഓസ്ട്രേലിയക്ക് സാധ്യതകളുണ്ട്. ശ്രീലങ്ക – ന്യൂസിലൻഡ് പരമ്പരയിൽ ന്യൂസിലൻഡ് വിജയിച്ചാൽ ഓസ്ട്രേലിയക്ക് ഇന്ത്യയ്ക്കെതിരായ പരമ്പര 4-0 ന് കൈവിട്ടാലും ഓസ്ട്രേലിയക്ക് ഫൈനൽ ഉറപ്പിക്കാം.

ഓസ്ട്രേലിയക്കെതിരെ രണ്ടോ അതിൽ കൂടുതലോ മത്സരങ്ങളിൽ പരാജയപെട്ടാൽ മറ്റു ടീമുകളുടെ ഫലങ്ങളെ ഇന്ത്യ ആശ്രയിക്കേണ്ടിവരും. നിലവിൽ ഇന്ത്യയ്ക്കും ഓസ്ട്രേലിയക്കും ഒപ്പം സൗത്താഫ്രിക്കയ്ക്കും ശ്രീലങ്കയ്ക്കുമാണ് സാധ്യതകളുള്ളത്. ബെൻ സ്റ്റോക്സിൻ്റെ ഇംഗ്ലണ്ടിനും കണക്കിൽ സാധ്യതകളുണ്ട്.