ഇവൻ എൻ്റെ ബാറ്റിങ് കണ്ടല്ല വളർന്നതെന്ന് എനിക്കുറപ്പുണ്ട്, സൂര്യകുമാർ യാദവിനോട് രാഹുൽ ദ്രാവിഡ്

തകർപ്പൻ പ്രകടനമായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 യിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ സൂര്യ അവിശ്വസനീയ ഷോട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. മത്സരശേഷം സൂര്യകുമാർ യാദവിൻ്റെ ബാറ്റിങിനെ കുറിച്ച് രസകരമായ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.

ബിസിസിഐ വെബ്സൈറ്റിന് വേണ്ടിയുള്ള വീഡിയോയിലായിരുന്നു രാഹുൽ ദ്രാവിഡ് രസകരമായ അഭിപ്രായം പറഞ്ഞത്.

” ചെറുപ്പത്തിൽ ഞാൻ ബാറ്റ് ചെയ്യുന്നത് കാണാതിരുന്ന ഒരാൾ ഇവിടെ എന്നോടൊപ്പം ഉണ്ടായിരിക്കുന്നത് മനോഹരമാണ്. ഞാൻ ബാറ്റ് ചെയ്യുന്നത് നീ കണ്ടിട്ടില്ലയെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, അല്ല എനിക്കതിൽ ഉറപ്പുണ്ട്. ” വീഡിയോയുടെ തുടക്കത്തിൽ രാഹുൽ ദ്രാവിഡ് പറഞ്ഞു. താൻ കണ്ടിട്ടുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

സൂര്യകുമാർ യാദവിൻ്റെ പ്രകടനം അസാധാരണമാണെന്നും ഇതിലും മികച്ച ടി20 ഇന്നിങ്സ് കണ്ടിട്ടില്ലെന്ന് തോന്നുമ്പോഴെല്ലാം അതിലും മികച്ച ഇന്നിങ്സ് സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണെന്നും താരത്തെ പ്രശംസിച്ചുകൊണ്ട് രാഹുൽ ദ്രാവിഡ് പറഞ്ഞു.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മൂന്നാം സെഞ്ചുറിയാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് നേടിയത്. 51 പന്തിൽ പുറത്താകാതെ 7 ഫോറും 9 സിക്സും അടക്കം 112 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയിരുന്നു. വെറും 43 ഇന്നിങ്സിൽ നിന്നുമാണ് മൂന്ന് സെഞ്ചുറികൾ സൂര്യകുമാർ യാദവ് നേടിയത്. മികച്ച പ്രകടനത്തോടെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡും താരത്തെ തേടിയെത്തി. ഈ ഫോർമാറ്റിൽ ഇത് പത്താം തവണയാണ് സൂര്യകുമാർ യാദവ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്.