അവനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം, ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ച് ഗംഭീറിൻ്റെ ട്വീറ്റ്

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയ്‌ക്ക് പുറകെ സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തണമെന്ന് ആവശ്യം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഗൗതം ഗംഭീറിൻ്റെ ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെയ്ക്കുകയും ചെയ്തു.

ചില ആരാധകർ ഗംഭീറിൻ്റെ അഭിപ്രായത്തോട് യോജിച്ചപ്പോൾ മറ്റൊരു കൂട്ടം ആരാധകർ ഗംഭീറിനെ വിമർശിച്ച് രംഗത്തെത്തി.

” എന്തൊരു ഇന്നിങ്സായിരുന്നു ഇത്. അവനെ ടെസ്റ്റ് ക്രിക്കറ്റിൽ ഉൾപെടുത്താനുള്ള സമയമായിരിക്കുന്നു ” എന്നായിരുന്നു ട്വിറ്ററിൽ ഗംഭീർ കുറിച്ചത്.

ഒരു ഫോർമാറ്റിലെ മികച്ച പ്രകടനം മാത്രം കണക്കിലെടുത്ത് മറ്റൊരു ഫോർമാറ്റിൽ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നും മറ്റൊരു റിഷഭ് പന്തായി സൂര്യകുമാർ യാദവിനെ മാറ്റരുതെന്നും സർഫറാസ്, പൃഥ്വി ഷാ അടക്കമുള്ളവർ രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിട്ടും ടീമിന് പുറത്തിരിക്കുമ്പോൾ സൂര്യകുമാർ യാദവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് അനീതിയാണെന്നും ആരാധകർ ഗംഭീറിന് മറുപടി നൽകി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് തൻ്റെ സ്വപ്നമാണെന്ന് സൂര്യകുമാർ യാദവ് നേരത്തെ തുറന്നുപറഞ്ഞിരുന്നു. ടി20 പരമ്പര ആരംഭിക്കുന്നതിന് മുൻപ് രഞ്ജി ട്രോഫിയിലും സൂര്യകുമാർ കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.