Skip to content

നാലാമനായല്ല അവൻ കോഹ്ലിയുടെ പൊസിഷനിൽ തന്നെയിറങ്ങണം : ഗൗതം ഗംഭീർ

ശ്രീലങ്കയ്ക്കെതിരെ നാലാമനായി ഇറങ്ങിയാണ് സെഞ്ചുറി നേടിയതെങ്കിലും സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമനായി തന്നെ ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ മൂന്നാമനായാണ് സൂര്യകുമാർ ഇറങ്ങിയത്. സഞ്ജു സാംസണായിരുന്നു ആദ്യ മത്സരത്തിൽ നാലാമനായി ഇറങ്ങിയത്.

എന്നാൽ പിന്നീട് പരിക്ക് മൂലം സഞ്ജു സാംസൺ പുറത്തായതോടെ രാഹുൽ ത്രിപാതി ടീമിലെത്തിയതോടെ സൂര്യകുമാർ യാദവ് തിരികെ നാലാം നമ്പർ പൊസിഷനിലേക്ക് മാറുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ മത്സരത്തിൽ 10 പന്തിൽ 7 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. നാലാമനായി രണ്ടാം മത്സരത്തിൽ 36 പന്തിൽ 51 റൺസും പിന്നാലെ സെഞ്ചുറിയും താരം നേടി.

പക്ഷേ ഇതിന് മുൻപ് ഇംഗ്ലണ്ടിലും ന്യൂസിലൻഡിലും മൂന്നാമനായി ഇറങ്ങിയാണ് സൂര്യകുമാർ യാദവ് സെഞ്ചുറി നേടിയതെന്നും അതുകൊണ്ട് തന്നെ സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ മൂന്നാമനായി തന്നെ ഇറങ്ങണമെന്നും ഇനി ദീർഘകാലം ആ പൊസിഷനിൽ ഇന്ത്യയ്ക്ക് വേണ്ടി സൂര്യ തുടരണമെന്നും മത്സരശേഷം സ്റ്റാർ സ്പോർട്സിൽ ഗൗതം ഗംഭീർ പറഞ്ഞു.

നേരത്തെ ഇതിന് മുൻപെയും ഈ അഭിപ്രായം ഗംഭീർ മുൻപോട്ട് വെച്ചിരുന്നു. കോഹ്‌ലി നാലാമനായി ഇറങ്ങി മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിന് അവസരം നൽകണമെന്നായിരുന്നു ഗംഭീറിൻ്റെ നിർദ്ദേശം. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും കെ എൽ രാഹുലും അടക്കമുള്ളവർ ഇനി ഇന്ത്യയുടെ ടി20 പദ്ധതികളിൽ ഉണ്ടാകുമോയെന്ന കാര്യം ബിസിസിഐ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.