Skip to content

ലക്ഷ്യം തിരിച്ചുവരവ്, ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് കെ എൽ രാഹുൽ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് ഇന്ത്യൻ താരം കെ എൽ രാഹുൽ. മോശം ഫോമിൽ തുടരുന്ന താരത്തിന് ഇനി നടക്കുന്ന പരമ്പരകൾ അതിനിർണായകമാണ്. ഇനി നടക്കുന്ന ഏകദിന പരമ്പരകളിലെ പ്രകടനം കണക്കിലെടുത്താകും ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ തിരഞ്ഞെടുക്കുക.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനത്തോടെ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻസി കെ എൽ രാഹുലിന് നഷ്ടപെട്ടിരുന്നു. ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയെയാണ് പരമ്പരയിൽ ഇന്ത്യ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏകദിന ക്രിക്കറ്റിൽ 10 മത്സരങ്ങളിൽ നിന്നും 27.88 ശരാശരിയിൽ 251 റൺസ് നേടുവാൻ മാത്രമാണ് കെ എൽ രാഹുലിന് സാധിച്ചത്. സഞ്ജു സാംസണും ഇഷാൻ കിഷനും ഈ കാലയളവിൽ മികച്ച പ്രകടനമാണ് ഏകദിന ക്രിക്കറ്റിൽ കാഴ്ച്ചവെച്ചത്. കൂടാതെ സെപ്ഷ്യലിസ്റ്റ് ബാറ്റ്സ്മാൻ എന്ന നിലയിൽ ശ്രേയസ് അയ്യരും, ശുഭ്മാൻ ഗില്ലും അടക്കമുള്ളവർ വലിയ വെല്ലുവിളിയാണ് കെ എൽ രാഹുലിന് മുൻപിൽ ഉയർത്തുന്നത്.

അതിനിടെ ഏകദിന പരമ്പരയ്ക്കായി കെ എൽ രാഹുൽ നെറ്റ്സിൽ പരിശീലനം നടത്തുന്ന വീഡിയോ ആരാധകർ പുറത്തുവിട്ടിരിക്കുകയാണ്.

ഇന്ന് അവസാനിക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ജനുവരി പത്തിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. കെ എൽ രാഹുലിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവരും ഏകദിന പരമ്പരയോടെ തിരിച്ചെത്തും.