ഈ പരമ്പര ലേലത്തിന് മുൻപായിരുന്നുവെങ്കിൽ അവന് കോടികൾ മതിയാകാതെ വന്നേനെ : ഗൗതം ഗംഭീർ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണക കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. രണ്ട് മത്സരത്തിലും മികവ് പുലർത്തിയ താരം രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ ഇന്നിങ്സിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഐ പി എൽ ലേലത്തിൽ താരത്തെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.

ലേലത്തിൽ മറ്റു വിദേശ ഓൾ റൗണ്ടർമാരെ റെക്കോർഡ് വിലയ്ക്ക് ടീമുകൾ സ്വന്തമാക്കിയപ്പോൾ ഷണകയ്ക്ക് ആവശ്യക്കാർ ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ഈ പരമ്പര ലേലത്തിന് മുൻപ് നടക്കുകയും ഷണക ഈ പ്രകടനം തുടരുകയും ചെയ്തെങ്കിൽ ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ പല ടീമുകൾക്കും പൈസ മതിയാകാതെ വന്നേനെയെന്ന് ഗൗതം ഗംഭീർ തുറന്നുപറഞ്ഞു.

” എൻ്റെ കയ്യിൽ പൈസ ഉണ്ടാകുമായിരുന്നില്ല. അവൻ അത്രയ്ക്കും വിലയേറിയ താരമാകുമായിരുന്നു. കാരണം അത്തരത്തിലാണ് അവൻ ബാറ്റ് ചെയ്തത്. ലേലത്തിൻ്റെ സ്വഭാവം ഇങ്ങനെയാണ്. ഈ പരമ്പര ലേലത്തിന് മുൻപായാണ് നടന്നതെങ്കിൽ അവനെ വാങ്ങുവാനുള്ള പൈസ പല ടീമുകളുടെയും കയ്യിലില്ലാതെ വന്നേനെ. ” ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ കൂടിയായ ഗൗതം ഗംഭീർ പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 27 പന്തിൽ 3 സിക്സും 3 ഫോറും ഉൾപ്പെടെ 45 റൺസ് നേടിയ താരം രണ്ടാം മത്സരത്തിൽ 20 പന്തിൽ നിന്നും ഫിഫ്റ്റി നേടുകയും 22 പന്തിൽ 2 ഫോറും 6 സിക്സും ഉൾപ്പെടെ പുറത്താകാതെ 56 റൺസ് നേടുകയും ചെയ്തു.