Skip to content

മഴയ്ക്കും രക്ഷിക്കാനാകില്ലേ, സിഡ്നി ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മുൻപിൽ വിറച്ച് സൗത്താഫ്രിക്ക

മൂന്നാം ദിനം മുഴുവൻ മഴകൊണ്ടുപോയെങ്കിലും സിഡ്നി ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ പിടിമുറുക്കി ആതിഥേയരായ ഓസ്ട്രേലിയ. നാലാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയയുടെ വമ്പൻ സ്കോറിന് മറുപടിയായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 149 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി.

10 റൺസ് നേടിയ മാർക്കോ യാൻസനും 6 റൺസ് നേടിയ സൈമൺ ഹാർമറുമാണ് സൗത്താഫ്രിയയ്ക്ക് വേണ്ടി ക്രീസിലുള്ളത്. ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും നേതൻ ലയൺ ഒരു വിക്കറ്റും നേടി.

നേരത്തെ 4 വിക്കറ്റ് നഷ്ടത്തിൽ 475 റൺസ് നേടിയാണ് ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 195 റൺസ് നേടി പുറത്താകാതെ നിന്ന ഉസ്മാൻ ഖവാജ, 104 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 70 റൺസ് നേടിയ ട്രാവിസ് ഹെഡ്, 79 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനും രണ്ടാം മത്സരത്തിൽ ഒരു ഇന്നിങ്സിനും 182 റൺസിനും വിജയിച്ച ഓസ്ട്രേലിയ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. ഈ മത്സരത്തിൽ വിജയമോ സമനിലയോ നേടിയാൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഓസ്ട്രേലിയയ്ക്ക് സാധിക്കും.