ആവേശം അവസാന പന്ത് വരെ, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 2 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. നാല് വിക്കറ്റ് നേടിയ അരങ്ങേറ്റക്കാരൻ ശിവം മാവിയുടെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ നേടിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 160 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ശ്രീലങ്കയ്ക്ക് വേണ്ടി 27 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 45 റൺസ് നേടിയ ക്യാപ്റ്റൻ ഷണകയും 23 റൺസ് നേടിയ കരുണരത്നെയും മാത്രമാണ് തിളങ്ങിയത്. ഹസരങ്ക 10 പന്തിൽ 21 റൺസ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ ശിവം മാവി നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും ഉമ്രാൻ മാലിക്ക് നാലോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ഹർഷൽ പട്ടേൽ 41 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻനിരയുടെ തകർച്ചയിലും ദീപക് ഹൂഡ, അക്ഷർ പട്ടേൽ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ആറാം വിക്കറ്റിൽ 68 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ദീപക് ഹൂഡ 23 പന്തിൽ ഒരു ഫോറും 4 സിക്സും ഉൾപ്പെടെ 41 റൺസും അക്ഷർ പട്ടേൽ 20 പന്തിൽ 31 റൺസും നേടി പുറത്താകാതെ നിന്നു. ഇഷാൻ കിഷൻ 29 പന്തിൽ 37 റൺസ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യ 27 പന്തിൽ 29 റൺസ് നേടി പുറത്തായി.

സഞ്ജു സാംസൺ അഞ്ച് റൺസ് മാത്രം നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ 7 റൺസ് വീതം നേടി പുറത്തായി. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ജനുവരി അഞ്ചിന് പൂനെയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.