സെഞ്ചുറിയുമായി തകർത്തടിച്ച് രോഹൻ പ്രേം, ഗോവക്കെതിരെ കേരളം മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫിയിലെ തങ്ങളുടെ നാലാം മത്സരത്തിൽ ഗോവയ്ക്കെതിരെ കേരളം മികച്ച സ്കോറിലേക്ക്. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ കേരളം ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് നേടിയിട്ടുണ്ട്.

സെഞ്ചുറി നേടിയ രോഹൻ പ്രേമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. 238 പന്തിൽ 14 ഫോറും ഒരു സിക്സും അടക്കം 112 റൺസ് നേടിയ രോഹൻ പ്രേമും 2 റൺസ് നേടിയ ക്യാപ്റ്റൻ സിജോമോൻ ജോസഫുമാണ് കേരളത്തിന് വേണ്ടി ക്രീസിലുള്ളത്. രോഹൻ കുന്നുമ്മൽ 20 റൺസ് നേടി പുറത്തായപ്പോൾ സച്ചിൻ ബേബി 118 പന്തിൽ 46 റൺസ് നേടി പുറത്തായി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കേരളത്തിന് വേണ്ടിയുള്ള രോഹൻ പ്രേമിൻ്റെ പതിമൂന്നാം സെഞ്ചുറിയും 2016 ന് ശേഷം താരം നേടുന്ന ആദ്യ സെഞ്ചുറിയും കൂടിയാണിത്.

ആദ്യ മൂന്ന് മത്സരങ്ങളിൽ ജാർഖണ്ഡിനെതിരെയും ഛത്തീസ്ഗഡിനെതിരെയും വിജയം കുറിച്ച കേരളം രാജസ്ഥാനെതിരായ മത്സരത്തിൽ സമനില നേടിയിരുന്നു. പോയിൻ്റ് ടേബിളിൽ ഗ്രൂപ്പ് സിയിൽ 13 പോയിൻ്റോടെ ഒന്നാം സ്ഥാനത്താണ് കേരളമുള്ളത്.