രാഹുൽ ദ്രാവിഡിനെ ഓർമിപ്പിച്ച് പാക് താരം, ആദ്യ റൺ നേടിയത് 42 ആം പന്തിൽ

ഓസ്ട്രേലിയക്കെതിരായ രാഹുൽ ദ്രാവിഡിൻ്റെ ഇന്നിങ്സിനെ ഓർമ്മിപ്പിച്ച് പാക് താരം സൗദ് ഷക്കീലിൻ്റെ ബാറ്റിങ്. 2008 ൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ 40 ഡോട്ട് ബോളുകൾക്ക് ശേഷമായിരുന്നു രാഹുൽ ദ്രാവിഡ് ആദ്യ റൺ നേടിയിരുന്നത്. ആദ്യ റൺ ദ്രാവിഡ് നേടിയതിന് പുറകെ കയ്യടിച്ചുകൊണ്ട് കാണികൾ അഭിനന്ദിച്ചതും രാഹുൽ ദ്രാവിഡ് ബാറ്റ് ഉയർത്തിയതും മറക്കാനാകാത്ത കാഴ്ച്ചയായിരുന്നു.

മറുഭാഗത്ത് ന്യൂസിലൻഡിനെതിരായ ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ബാബർ അസം പുറത്തായതിന് പുറകെ ക്രീസിലെത്തിയ സൗദ് ഷക്കീൽ 41 ഡോട്ട് ബോളുകൾ നേരിട്ട് ഒടുവിൽ 42 ആം പന്തിലായിരുന്നു ആദ്യ റൺ നേടിയത്.

എന്നാൽ രണ്ടാം ദിനത്തിലെ താരത്തിൻ്റെ ഈ ഇന്നിങ്സിനെതിരെ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. പോസിറ്റീവായി ഭയമില്ലാതെ കളിക്കുന്നതിനെ കുറിച്ച് ഇന്നലെ ടീമിൻ്റെ ചീഫ് സെലക്ടർ ഷാഹിദ് അഫ്രീദി പറഞ്ഞതിന് ശേഷമാണ് ഇത്തരമൊരു ഇന്നിങ്സ് രണ്ടാം ദിനത്തിൽ തന്നെ താരത്തിൽ നിന്നുമുണ്ടായിരിക്കുനത്.

മത്സരത്തിൽ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ പാകിസ്ഥാൻ ആദ്യ ഇന്നിങ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയിട്ടുണ്ട്. 74 റൺസ് നേടിയ ഇമാം ഉൾ ഹഖും 75 പന്തിൽ 13 റൺസ് നേടിയ സൗദ് ഷക്കീലുമാണ് പാകിസ്ഥാന് വേണ്ടി ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്സിൽ 449 റൺസ് ന്യൂസിലൻഡ് നേടിയിരുന്നു. 122 റൺസ് നേടിയ ടോം ലാതം, 122 റൺസ് നേടിയ ഡെവൻ കോൺവെ, 68 റൺസ് നേടിയ മാറ്റ് ഹെൻറി, 51 നേടിയ ടോം ബ്ലൻഡൽ, 35 റൺസ് നേടിയ അജാസ് പട്ടേൽ എന്നിവരാണ് ന്യൂസിലൻഡിന് വേണ്ടി തിളങ്ങിയത്. പത്താം വിക്കറ്റിൽ മാറ്റ് ഹെൻറിയും അജാസ് പട്ടേലും ചേർന്ന് 104 റൺസ് ന്യൂസിലൻഡിനായി കൂട്ടിച്ചേർത്തു.