ക്യാപ്റ്റനായി രോഹിത് ശർമ്മ തുടരും, വീണ്ടും ചീഫ് സെലക്ടറാകുവാൻ ചേതൻ ശർമ്മ

ഇന്ത്യൻ ഏദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശർമ്മ തന്നെ തുടരും. ഇന്നലെ റോജർ ബിന്നി നയിച്ചത് റിവ്യൂ മീറ്റിങിൽ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി ഭാവി ചർച്ചയായില്ല. വരുന്ന ഏകദിന ലോകകപ്പിനെ കുറിച്ചായിരുന്നു റിവ്യൂ മീറ്റങിൽ ചർച്ചചെയ്തത്. രോഹിത് ക്യാപ്റ്റനായി തുടരുമ്പോൾ ചീഫ് സെലക്ടറായി ചേതൻ ശർമ്മ തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായതിന് പുറകെ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു. പുതിയ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് ചേതൻ ശർമ്മ വീണ്ടും അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇനി 10 മാസത്തിനകം ഏകദിന ലോകകപ്പ് വരാനിരിക്കെ സെലക്ഷനിൽ തുടർച്ച നഷ്ടപെടാതിരിക്കുവാനാണ് ചേതൻ ശർമ്മയെ തന്നെ ബിസിസിഐ ചീഫ് സെലക്ടറായി നിയമിക്കുന്നത്.

പുതിയ സെലക്ഷൻ കമ്മിറ്റിയിൽ വെങ്കടേഷ് പ്രസാദ്, എസ് എസ് ദാസ് തുടങ്ങിയവർ ഇടം പിടിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പൂർണമായും ഇന്ത്യയിൽ നടക്കുന്ന ആദ്യ ഏകദിന ലോകകപ്പിനായി 20 പേരുടെ അന്തിമ പട്ടിക ബിസിസിഐ തയ്യാറാക്കി കഴിഞ്ഞു. ഇനിയുള്ള ഏകദിന പരമ്പരകളിൽ ഈ താരങ്ങളെ ബിസിസിഐ റൊട്ടേഷനിലൂടെ അവസരങ്ങൾ നൽകും. ഇതിൽ നിന്നുള്ള 15 കളിക്കാരെയാകും ലോകകപ്പിന് തിരഞ്ഞെടുക്കുക. ഈ താരങ്ങളുടെ ജോലിഭാരം ഐ പി എല്ലിലും ബിസിസിഐ നിരീക്ഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.