Skip to content

പാകിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കോൺവെ, ന്യൂസിലൻഡ് മികച്ച സ്കോറിലേക്ക്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കം. സെഞ്ചുറി നേടിയ ഓപ്പണർ ഡെവൻ കോൺവെയുടെ മികവിലാണ് കിവികൾ മികച്ച സ്കോറിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്.

156 പന്തിൽ നിന്നുമാണ് കോൺവെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിൻ്റെ നാലാം സെഞ്ചുറിയാണിത്. 191 പന്തിൽ 16 ഫോറും ഒരു സിക്സും ഉൾപ്പടെ 122 റൺസ് നേടിയാണ് കോൺവെ പുറത്തായത്. മികച്ച തുടക്കമാണ് കോൺവെയും ടോം ലാതവും ചേർന്ന് ന്യൂസിലൻഡിന് സമ്മാനിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ 134 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 100 പന്തിൽ 71 റൺസ് നേടിയാണ് ടോം ലാതം പുറത്തായത്.

ഈ വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് കോൺവെ കുറിച്ചത്. കഴിഞ്ഞ വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടിയത് കോൺവെ തന്നെയായിരുന്നു.

പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ 138 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് 7.3 ഓവറിൽ 61 റൺസ് നേടി ബാറ്റ് ചെയ്യവെയാണ് വെളിച്ചകുറവ് കാരണം മത്സരം നിർത്തിവെയ്ക്കുകയും ഒടുവിൽ ഇരുടീമുകളും കൈകൊടുത്ത് പിരിയുകയും ചെയ്തു. പരമ്പരയ്ക്ക് മുൻപേ തന്നെ ഇരുടീമുകളുടെയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ അവസാനിച്ചിരുന്നു. ഓസ്ട്രേലിയ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞതിനാൽ ഇനി സാധ്യതയുള്ളത് ഇന്ത്യ, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളിൽ ഒരു ടീമിന് മാത്രമാണ്. ഇനിയുള്ള അഞ്ച് മത്സരങ്ങളിൽ ഒരു സമനില നേടിയാൽ ഓസ്ട്രേലിയക്ക് ഫൈനൽ ഉറപ്പിക്കാം.