Skip to content

ഇനി ഫിറ്റ്നസ് ഇല്ലെങ്കിൽ പുറത്തിരിക്കാം, നിർണായക തീരുമാനവുമായി ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ റിവ്യൂ മീറ്റിങിൽ നിർണായക തീരുമാനങ്ങളുമായി ബിസിസിഐ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവർ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് നിർണായക തീരുമാനങ്ങൾ ബിസിസിഐ കൈക്കൊണ്ടത്.

വിരാട് കോഹ്ലി ക്യാപ്റ്റനായിരിക്കെ കൊണ്ടുവന്ന യോ യോ ടെസ്റ്റ് ബിസിസിഐ വീണ്ടും ടീം സെലക്ഷനിൽ നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡിന് ശേഷം ഒരുപാട് താരങ്ങൾ യോ യോ ടെസ്റ്റിൽ പരാജയപെട്ടതിനെ തുടർന്നായിരുന്നു ബിസിസിഐ ഇക്കാര്യത്തിൽ അയവ് വരുത്തിയത്. എന്നാൽ റിവ്യൂ മീറ്റിങിൽ യോ യോ ടെസ്റ്റ് വീണ്ടും കൊണ്ടുവരുവാൻ തീരുമാനിച്ച ബിസിസിഐ അതിനൊപ്പം തന്നെ Dexa ടെസ്റ്റും സെലക്ഷനിൻ്റെ ഭാഗമാക്കും.

Dexa ടെസ്റ്റിലൂടെ കളിക്കാരുടെ എല്ലുകളുടെ കരുത്ത് പരിശോധിക്കുവാൻ സാധിക്കും. ഇതിലൂടെ എല്ലുകളിലെ പരിക്ക് വളരെ നേരത്തെ തന്നെ കണ്ടെത്തുവാൻ സാധിക്കും.

ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിനായി 20 കളിക്കാരെ ഷോർട്ട് ലിസ്റ്റ് ചെയ്യുവാനും ബിസിസിഐ തീരുമാനിച്ചു. ഇനിയുള്ള ഏകദിന പരമ്പരകളിൽ ഈ 20 താരങ്ങളെ റൊട്ടേറ്റ് ചെയ്യുവാനും റിവ്യൂ മീറ്റിങിൽ ടീം തീരുമാനിച്ചു. രോഹിത് ശർമ്മ തന്നെയായിരിക്കും ഏകദിന ലോകകപ്പിൽ ഇന്ത്യയെ നയിക്കുക. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ചരിത്രത്തിലെ ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്.