റിഷഭ് പന്തിന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഐ പി എല്ലും നഷ്ടമായേക്കും

വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് അടുത്ത വർഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഐ പി എല്ലും നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ.

പൂർണമായും ആരോഗ്യം വീണ്ടെടുക്കാൻ പന്തിന് മൂന്ന് മുതൽ 6 മാസം വരെ വേണ്ടിവരുമെന്ന് താരത്തെ ചികിത്സിക്കുന്ന ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്നലെ ന്യൂഡൽഹിയിൽ നിന്നും തൻ്റെ വീട്ടിലേക്ക് മടങ്ങവേയാണ് പന്ത് യാത്ര ചെയ്ത കാർ അപകടത്തിൽ പെടുന്നത്. ഹൈവേയിലെ ഡിവൈഡറിൽ ഇടിച്ചുതകർന്ന വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. അതിരാവിലെ യാത്ര ചെയ്യുന്നതിനിടെ താരം ഉറങ്ങിപോയതാണ് അപകടത്തിലേക്ക് വഴിവെച്ചത്.

ബിസിസിഐയുടെ റിപ്പോർട്ടുകൾ പ്രകാരം പന്തിൻ്റെ നെറ്റിയിൽ മുറിവും വലത് കാൽമുട്ടിലും വലതു കൈതണ്ടയ്ക്കും കണങ്കാലിനും കാൽവിരലിനും പരിക്കേറ്റിട്ടുണ്ട്. പന്തില്ലാതെ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്ന ഇന്ത്യയെ വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നെടുംതൂണാണ് റിഷഭ് പന്ത്.

മറുഭാഗത്ത് പന്തിന് ഐ പി എല്ലും നഷ്ടമാകുന്നത് ഡൽഹി ക്യാപിറ്റൽസിനും കനത്ത തിരിച്ചടിയായിരിക്കും. ക്യാപിറ്റൽസിനെ 30 മത്സരങ്ങൾ നയിച്ച പന്ത് പതിനാറിലും ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.