Skip to content

ഇത് റാസയുടെ വർഷം, ഐ പി എൽ കരാറിന് പുറകെ മറ്റൊരു അഭിമാന നേട്ടവുമായി സിംബാബ്‌വെ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ കരാർ ലഭിച്ചതിന് പുറകെ മറ്റൊരു അഭിമാനനേട്ടം കൂടെ ഈ വർഷം സ്വന്തമാക്കി സിംബാബ്‌വെയുടെ സ്റ്റാർ ഓൾ റൗണ്ടർ സിക്കന്ദർ റാസ. ഈ വർഷം സിംബാബ്‌വെയ്ക്കായി രണ്ട് ഫോർമാറ്റിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. ഇതിന് പുറകെയാണ് ഐ പി എൽ കരാറും ഒപ്പം ഈ നേട്ടം താരം സ്വന്തമാക്കിയിരിക്കുന്നത്.

ഈ വർഷത്തെ മികച്ച പ്രകടനത്തോെടെ ഐസിസി ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ, ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ, ഐസിസി മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ തുടങ്ങിയ മൂന്ന് ഐസിസി അവാർഡുകളുടെ നോമിനേഷൻ ലിസ്റ്റിൽ റാസ സ്ഥാനം പിടിച്ചു. ഇതാദ്യമായാണ് ഒര് സിംബാബ്‌വെ താരം ഐസിസി അവാർഡ് നോമിനേഷൻ ലിസ്റ്റിൽ ഇടം നേടുന്നത്.

ഈ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള ഗാർഫീൽഡ് സോബേഴ്സ് ട്രോഫി നോമിനേഷൻ ലിസ്റ്റിൽ പാക് ക്യാപ്റ്റൻ ബാബർ അസം, ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ന്യൂസിലൻഡ് ക്യാപ്റ്റൻ ടിം സൗത്തീ എന്നിവർക്കൊപ്പമാണ് റാസയുള്ളത്.

മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള നോമിനേഷൻ ലിസ്റ്റിൽ ബാബർ അസം, ആഡം സാംപ, ഷായ് ഹോപ്പ് എന്നിവരും മീകച്ച ടി20 ക്രിക്കറ്റർക്കുള്ള നോമിനേഷൻ ലിസ്റ്റിൽ സൂര്യകുമാർ യാദവ്, സാം കറൺ, മൊഹമ്മദ് റിസ്വാൻ എന്നിവരാണ് സിക്കന്ദർ റാസയ്ക്കൊപ്പമുള്ളത്. ഈ വർഷം ടി20 ക്രിക്കറ്റിൽ സിംബാബ്‌വെയ്ക്കായി 23 ഇന്നിങ്സിൽ നിന്നും 735 റൺസ് നേടിയ റാസ ഏകദിന ക്രിക്കറ്റിൽ 15 ഇന്നിങ്സിൽ നിന്നും 49.61 ശരാശരിയിൽ 645 റൺസ് നേടിയിരുന്നു.