Skip to content

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ കളിക്കില്ല

ജനുവരിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഇന്ത്യൻ താരം കെ എൽ രാഹുലിനെ ഒഴിവാക്കിയേക്കും. വിവാഹം നടക്കുന്നതിനാലാണ് പരമ്പരയിൽ നിന്നും ഇന്ത്യ കെ എൽ രാഹുലിനെ ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രണയിനിയായ അതിയ ഷെട്ടിയുമായുള്ള കെ എൽ രാഹുലിൻ്റെ വിവാഹരം ജനുവരി ആദ്യ വാരത്തോടെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ജനുവരി മൂന്നിനാണ് ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ലോകകപ്പിന് ശേഷം പിരിച്ചുവിട്ട പഴയ സെലക്ഷൻ കമ്മിറ്റി തന്നെയായിരിക്കും ഈ പരമ്പരയ്ക്കുള്ള ടീമിനെയും തിരഞ്ഞെടുക്കുക. റിപ്പോർട്ടുകൾ പ്രകാരം ഹാർദിക്ക് പാണ്ഡ്യയായിരിക്കും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ടി20, ഏകദിന ഫോർമാറ്റുകളിൽ ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യ ക്യാപ്റ്റനായി നിയമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.

ടി20 ക്രിക്കറ്റിൽ കഴിഞ്ഞ 16 ഇന്നിങ്സിൽ 6 ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ പിന്നീടുള്ള 10 ഇന്നിംഗ്സിലും ഏഴിലും രണ്ടക്കം കടക്കാതെയാണ് പുറത്തായത്. നിർണായക മത്സരങ്ങളിൽ ഒന്നിലും തന്നെ തിളങ്ങാൻ കെ എൽ രാഹുലിന് സാധിച്ചിരുന്നില്ല.

മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം ജനുവരി പത്തിനാണ് ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പര ആരംഭിക്കുക. ഗുവാഹത്തിയിൽ തുടങ്ങുന്ന പരമ്പര തിരുവനന്തപുരത്ത് അവസാനിക്കും.