Skip to content

മറ്റു ടീമുകളാണെങ്കിൽ ആ അവസരങ്ങൾ പാഴാക്കുകയില്ലായിരുന്നു, ടീമിൻ്റെ ഫീൽഡിങിൽ അസംതൃപ്തി അറിയിച്ച് ഷാക്കിബ്

ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിൻ്റെ തോൽവിയിലേക്ക് വഴിവെച്ചത് ടീമിൻ്റെ ഫീൽഡിങാണെന്ന് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. മറ്റു ടീമുകളുടെ ഫീൽഡിങ് നിലവാരത്തിന് ഒപ്പമെത്താൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്നും എന്നാൽ ഇന്ത്യയ്ക്കെതിരെ നടത്തിയ പോരാട്ടത്തിൽ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു.

” അത് തീർച്ചയായും നിരാശജനകമാണ്. ഞങ്ങൾ പാഴാക്കുന്ന അവസരങ്ങൾ മറ്റു ടീമുകൾ പാഴാക്കില്ല. അത് തീർച്ചയായും വ്യത്യാസമുണ്ടാക്കി. ആദ്യ ഇന്നിങ്സിൽ 314 റൺസിന് പകരം 250 ൽ അവരെ ഒതുക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നു. രണ്ടാം ഇന്നിങ്സിലും ഞങ്ങൾക്ക് അവസരമുണ്ടായിരുന്നു. പക്ഷേ അതെല്ലാം ക്രിക്കറ്റിൻ്റെ ഭാഗമാണ്. ”

” ടി20 ലോകകപ്പിലും ഏകദിന പരമ്പരയിലും ഞങ്ങൾ നന്നായി ഫീൽഡ് ചെയ്തു. പക്ഷേ അത് ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ ഞങ്ങൾക്ക് സാധിച്ചില്ല. ചിലപ്പോൾ ഏകാഗ്രതയുടെ കുറവോ ഫിറ്റ്നസിലെ പോരായ്മയോ ആയിരിക്കാം. എങ്ങനെ തെറ്റുകൾ ഒഴിവാക്കാമെന്ന് ഞങ്ങൾ പഠിക്കേണ്ടതുണ്ട്. മറ്റു ടീമുകൾ കൂടുതൽ അവസരങ്ങൾ നൽകില്ല. 13-14 അവസരങ്ങൾ ഉണ്ടാക്കിയാൽ മാത്രമാണ് ഞങ്ങളുടെ ബൗളർമാർക്ക് 10 വിക്കറ്റുകൾ നേടാൻ സാധിക്കുന്നത്. ” ഷാക്കിബ് പറഞ്ഞു.

രണ്ടാം മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ചരിത്രം സൃഷ്ടിക്കുവാനുള്ള അവസരം ബംഗ്ലാദേശിന് മുൻപിലുണ്ടായിരുന്നു. 145 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 74 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടപെട്ടിരുന്നു. എന്നാൽ ശ്രേയസ് അയ്യരും അശ്വിനും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.