Skip to content

അവനിനി അടുത്ത മത്സരത്തിൽ ഉണ്ടാകുമോ എന്നാണെൻ്റെ ആശങ്ക, ഇന്ത്യൻ ടീം മാനേ്മെൻ്റിനെ ട്രോളി ശശി തരൂർ

രവിചന്ദ്രൻ അശ്വിൻ്റെയും ശ്രേയസ് അയ്യരുടെയും മികവിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും വിജയം കുറിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ വിജയത്തിന് പുറകെ ടീം മാനേജ്മെൻ്റിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ലോകസഭ എം പിയും ക്രിക്കറ്റ് പ്രേമിയുമായ ശശി തരൂർ.

നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീം മാനേ്മെൻ്റും സെലക്ടർമാരും നേരിട്ടുകൊണ്ടിരിക്കുന്നത്. ടീമിൻ്റെ പല തീരുമാനങ്ങളും സാമാന്യ ബോധ്യത്തിന് പോലും നിരക്കാത്തതായിരുന്നു. ഇതിനിടെയാണ് ടീം മാനേജ്മെൻ്റിനെ ട്രോളി ശശി തരൂരും രംഗത്തെത്തിയത്.

രണ്ടാം ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ച് പങ്കുവെച്ച ട്വീറ്റിലായിരുന്നു ടീം മാനേജ്മെൻ്റിനെ ശശി തരൂർ പരിഹസിച്ചത്. മികച്ച പ്രകടനം കാഴ്ച്ചവെച്ച അശ്വിൻ അടുത്ത മത്സരത്തിൽ ഉണ്ടാകുമോയെന്നത് മാത്രമാണ് തൻ്റെ ആശങ്കയെന്ന് ട്വിറ്ററിൽ ശശി തരൂർ കുറിച്ചു.

ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റും വിലപെട്ട 40 റൺസും നേടി പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ കുൽദീപ് യാദവിനെ ഒഴിവാക്കിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. കുൽദീപ് യാദവിനെ പോലെയുള്ള താരങ്ങളെ മാറ്റാൻ ആർജ്ജവം കാണിക്കുന്ന ഇന്ത്യ എത്രത്തോളം മോശം പ്രകടനം തുടർന്നാലും മറ്റു പല താരങ്ങളെയും ഒഴിവാക്കാൻ തയ്യാറാകില്ലയെന്നതാണ് വിരോധാഭാസം. പുതിയ സെലക്ഷൻ കമ്മിറ്റി നിലവിൽ വരുന്നതോടെ ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.