Skip to content

കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ തനിക്ക് ഖേദമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെങ്കിലും ആ തീരുമാനം ശരിയായിരുന്നുവെന്നും കെ എൽ രാഹുൽ പറഞ്ഞു.

ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റും ഒപ്പം ആദ്യ ഇന്നിങ്സിൽ വിലയേറിയ 40 റൺസും കുൽദീപ് യാദവ് നേടിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കുൽദീപ് യാദവിനെ ഒഴിവാക്കിയ ഇന്ത്യ ഉനാട്കട്ടിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. രണ്ട് ഇന്നിങ്സിൽ നിന്നും മൂന്ന് വിക്കറ്റ് ഉനാഡ്കട് നേടിയിരുന്നു.

” ഐ പി എല്ലിൽ അവതരിപ്പിച്ച ഇംപാക്ട് പ്ലേയർ നിയമം ടെസ്റ്റ് ക്രിക്കറ്റിലും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും രണ്ടാം ഇന്നിങ്സിൽ കുൽദീപ് യാദവിനെ കൊണ്ടുവന്നേനെ. കഴിഞ്ഞ മത്സരത്തിൽ ഞങ്ങളെ വിജയിപ്പിച്ചത് അവനായിരുന്നു. അതുകൊണ്ട് അവനെ ഒഴിവാക്കിയത് കടുത്ത തീരുമാനമായിരുന്നു. “

” പിച്ച് കണ്ടപ്പോൾ ഇവിടെ സ്പിന്നർമാർക്കും പേസർമാർക്കും ഒരേപോലെ അനുകൂലമാണെന്ന് ഞങ്ങൾക്ക് തോന്നി. അതുകൊണ്ടാണ് ഒരു സന്തുലിത ടീമിനെ ഞങ്ങൾ ഇറക്കിയത്. ആ തീരുമാനത്തിൽ എനിക്ക് ഖേദമില്ല. ഫാസ്റ്റ് ബൗളർമാർ ഒരുപാട് വിക്കറ്റ് നേടിയതായി നിങ്ങൾക്ക് കാണാം. അവർക്ക് അനുകൂലമായ സ്ഥിരതയില്ലാത്ത ബൗൺസ് പിച്ചിലുണ്ടായിരുന്നു. ” കെ എൽ രാഹുൽ പറഞ്ഞു.