Skip to content

ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

ഒരിക്കൽ കൂടെ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. മുൻനിരയും മധ്യനിരയും കളി മറന്നപ്പോൾ വാലറ്റത്തിലും അശ്വിനും ശ്രേയസ് അയ്യരും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

145 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 74 റൺസിന് 7 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ എട്ടാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തുകൊണ്ടാണ് അശ്വിനും അയ്യരും വിജയത്തിലെത്തിച്ചത്. ശ്രേയസ് അയ്യർ 46 പന്തിൽ പുറത്താകാതെ 29 റൺസ് നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ 62 പന്തിൽ പുറത്താകാതെ 42 റൺസ് നേടി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിജയകരമായ റൺ ചേസിൽ നാലാം ഇന്നിങ്സിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ഒമ്പതാം നമ്പർ ബാറ്റ്സ്മാനായി അശ്വിൻ മാറി.

1988 ൽ പാകിസ്ഥാനെതിരെ നാലാം ഇന്നിങ്സിൽ പുറത്താകാതെ 40 റൺസ് നേടിയ വിൻഡീസിൻ്റെ വിൻസ്റ്റൻ ബെഞ്ചമിൻ, 1908 ൽ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 38 റൺസ് നേടിയ ഇംഗ്ലണ്ടിൻ്റെ സിഡ്നി ബാൻസ് എന്നിവരെ പിന്നിലാക്കിയാണ് അശ്വിൻ ഈ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്.

മത്സരത്തിൽ മൂന്ന് വിക്കറ്റിന് വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര 2-0 ന് സ്വന്തമാക്കുകയും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിലപെട്ട പോയിൻ്റ് സ്വന്തമാക്കുകയും ചെയ്തു.