Skip to content

അയ്യരിനെ തഴഞ്ഞ് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് പുജാരയ്ക്ക്, പ്രതിഷേധവുമായി ആരാധകർ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലേയർ ഓഫ് ദി സിരീസ് സീനിയർ താരം ചേതേശ്വർ പുജാരയ്ക്ക് നൽകിയതിൽ വിമർശനവുമായി ആരാധകർ. രണ്ട് മത്സരങ്ങളിലും മികവ് പുലർത്തിയ ശ്രേയസ് അയ്യരിനെ തഴഞ്ഞുകൊണ്ടായിരുന്നു ആദ്യ മത്സരത്തിൽ മാത്രം മികവ് പുലർത്തിയ പുജാരയ്ക്ക് പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നൽകിയത്.

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 90 റൺസും രണ്ടാം ഇന്നിങ്സിൽ 102 റൺസും നേടിയ പുജാര രണ്ടാം ടെസ്റ്റിൽ ചിത്രത്തിൽ പോലുമില്ലായിരുന്നുവെന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ ആദ്യ ഇന്നിങ്സിൽ 24 റൺസ് മാത്രം നേടി പുറത്തായ പുജാര രണ്ടാം ഇന്നിങ്സിൽ 6 റൺസ് മാത്രമാണ് നേടിയത്.

മറുഭാഗത്ത് ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 86 റൺസ് നേടിയ ശ്രേയസ് അയ്യരിന് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മറ്റുള്ളവർ നിറംമങ്ങിയപ്പോൾ 87 റൺസ് നേടി മികച്ച പ്രകടനം ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചു. രണ്ടാം ഇന്നിങ്സിൽ 145 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരവെ 71 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട് പരാജയത്തെ അഭിമുഖീകരിച്ച ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റി വിജയത്തിലെത്തിച്ചത് അശ്വിനും അയ്യരും ചേർന്നായിരുന്നു. അശ്വിനൊപ്പം ചേർന്ന് 71 റൺസ് എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യർ കൂട്ടിച്ചേർത്തു.

അശ്വിൻ 42 റൺസ് നേടിയപ്പോൾ ശ്രേയസ് അയ്യർ 46 പന്തിൽ 29 റൺസ് നേടിയിരുന്നു. എന്നാൽ നേടിയ റൺസിൻ്റെ അടിസ്ഥാനത്തിൽ മാത്രം പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് സംഘാടകർ പുജാരയ്ക്ക് നൽകുകയായിരുന്നു.