Skip to content

സെഞ്ചുറിയ്ക്ക് വെറും 7 റൺസ് അകലെ പുറത്തായി റിഷഭ് പന്ത്, ആദ്യ ഇന്നിങ്സിൽ ലീഡ് നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയ്ക്ക് 7 റൺസ് മാത്രം അകലെ 93 റൺസ് നേടി പുറത്തായി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. പന്തിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ബംഗ്ലാദേശിൻ്റെ ഒന്നാമിന്നിങ്സ് സ്കോർ ഇന്ത്യ മറികടന്നത്.

105 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പടെ 93 റൺസ് നേടിയാണ് പന്ത് പുറത്തായത്. സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും മൂന്നാം സെഷനിൽ മെഹദി ഹസൻ എറിഞ്ഞ 68 ആം ഓവറിൽ പന്ത് പുറത്താവുകയായിരുന്നു.

മോശം തുടക്കമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. 38 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ഇന്ത്യയ്ക്ക് നഷ്ടമായി. കെ എൽ രാഹുൽ 10 റൺസ് നേടി പുറത്തായപ്പോൾ ഗില്ലിന് 20 റൺസ് നേടാനെ സാധിച്ചുള്ളൂ. പുജാര 24 റൺസ് മാത്രം നേടി പുറത്തായപ്പോൾ വിരട് കോഹ്ലി 24 റൺസ് മാത്രം നേടി പുറത്തായി.

പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യർക്കൊപ്പം ചേർന്നുകൊണ്ട് റിഷഭ് പന്ത് ഇന്ത്യൻ സ്കോർ മുൻപോട്ട് നയിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ 159 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

നേരത്തെ ബംഗ്ലാദേശിൻ്റെ ആദ്യ ഇന്നിങ്സ് 227 റൺസിൽ അവസാനിച്ചിരുന്നു. 84 റൺസ് നേടിയ മോമിനുൽ ഹഖ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവും രവിചന്ദ്രൻ അശ്വിനും നാല് വിക്കറ്റ് വീതവും ഉനാഡ്കട് രണ്ട് വിക്കറ്റും നേടി.