Skip to content

റൺഔട്ടിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടൽ, റിഷഭ് പന്തിനെ രോഷത്തോടെ തുറിച്ച് നോക്കി കോഹ്ലി – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്‌സ് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 5ന് 254 എന്ന നിലയിലാണ്. 93 റൺസ് നേടിയ റിഷഭ് പന്താണ് ഏറ്റവും ഒടുവിൽ പുറത്തായത്. ശ്രയസ് അയ്യറിനെയും കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റിൽ 159 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് റിഷഭിന്റെ മടക്കം. ഇന്ത്യൻ സ്കോർ 94ൽ നിൽക്കെ കോഹ്ലിയും (24) പുറത്തായതോടെ ഇന്ത്യ തകർച്ചയുടെ വക്കിലായിരുന്നു.

എന്നാൽ റിഷഭ് പന്തും അയ്യറും ജാഗ്രതയോടെ നീങ്ങി ഇന്ത്യൻ സ്‌കോർ ഉയർത്തുകയായിരുന്നു. ഇപ്പോൾ ഇന്ത്യയ്ക്ക് 27 റൺസിന്റെ ലീഡുണ്ട്. 98 പന്തിൽ 74 റൺസുമായി അയ്യർ ക്രീസിലുണ്ട്. രാഹുൽ (10), ഗിൽ (20), പൂജാര (24) എന്നിവർ നേരെത്തെ പുറത്തായിരുന്നു. 3 വിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്ലാമാണ് ഇന്ത്യൻ ടോപ്പ് ഓര്ഡറിനെ വിറപ്പിച്ചത്.

മത്സരത്തിനിടെ കോഹ്ലിയും റിഷഭ് പന്തും ബാറ്റ് ചെയ്യുന്നതിനിടെ  ആശയക്കുഴപ്പം കാരണം കോഹ്ലി റൺഔട്ടിന്റെ വക്കിൽ എത്തിയിരുന്നു. ലഞ്ചിന് മുമ്പുള്ള അവസാന പന്തിലാണ്  സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന കോഹ്ലി സിംഗിളിന് ശ്രമിച്ചത്. കോഹ്ലി ഓടി തുടങ്ങി പാതി വഴിയിൽ എത്താനാവുമ്പോഴേക്കും നോൺ സ്‌ട്രൈക് എൻഡിൽ നിന്ന് പന്ത് തിരിച്ച് അയക്കുകയായിരുന്നു. ഇതോടെ മടങ്ങിയ കോഹ്ലി ഡൈവ് ചെയ്ത് കഷ്ടിച്ചാണ് ക്രീസിൽ എത്തിയത്. പിന്നാലെ കോഹ്ലി റിഷഭ് പന്തിനെ തുറിച്ച് നോക്കുകയും ചെയ്തു.