Skip to content

അവിശ്വസനീയ റിഫ്ലക്ഷൻ! പുജാരയെ പുറത്താക്കി മോമിനുൽ ഹഖിന്റെ ക്യാച്ച് – വീഡിയോ

രണ്ടാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിനെ 227ന് പുറത്താക്കി ആദ്യ ഇന്നിംഗ്‌സിന് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ 3ന് 73 എന്ന നിലയിൽ. ഏറ്റവും ഒടുവിൽ 55 പന്തിൽ 24 റൺസ് നേടിയ പൂജാരയാണ് പുറത്തായത്. ഷോർട്ട് ലെഗിൽ നിന്ന് മോമിനുൽ ഹഖാണ് അവിശ്വസനീയ റിഫ്ലക്ഷനിൽ കൈപ്പിടിയിൽ ഒതുക്കിയത്.

പന്ത് നിലത്ത് തട്ടിയിരുന്നോയെന്ന് സംശയം ഉണ്ടായിരുന്നതിനാൽ തേർഡ് അമ്പയറുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. റിപ്ലേകളിൽ പന്തിന് താഴെ വിരൽ ഉണ്ടെന്ന് വ്യക്തമായതോടെ ഔട്ട് വിധിച്ചു. 2ന് 38 എന്ന നിലയിൽ വീണ ഇന്ത്യയെ കോഹ്ലിയും പുജാരയും ചേർന്ന് കരകയറ്റുന്നതിനിടെയാണ് പുജാരയെ പുറത്താക്കി തൈജുൽ ഇസ്ലാം മുന്നേറ്റം സമ്മാനിച്ചത്. ഇരുവരും ചേർന്ന് 34 റൺസ് കൂട്ടിച്ചേർത്തിരുന്നു.

ഇന്ത്യയുടെ 3 വിക്കറ്റും വീഴ്ത്തിയത് തൈജുൽ ഇസ്ലാമാണ്. ക്യാപ്റ്റൻ രാഹുലിനെയും (10) ഗില്ലിനെയും (20) എൽബിഡബ്ല്യൂവിലൂടെയാണ് മടക്കിയത്. നേരെത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 227ൽ പുറത്താവുകയായിരുന്നു. 84 റൺസ് നേടിയ മോമിനുൽ ഹഖാണ് തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും, ഉമേഷ് യാദവും 4 വിക്കറ്റ് വീതം വീഴ്ത്തി.