Skip to content

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ, സ്ഥല പരിശോധന നടത്തി ജയ് ഷാ

കേരളത്തിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നെടുമ്പാശ്ശേരിയിൽ. മുൻപ് ഇടകൊച്ചിയിൽ നിശ്ചയിച്ചിരുന്ന സ്റ്റേഡിയം നിയമപ്രശ്നങ്ങളെ തുടർന്നാണ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുന്നത്. ഐ പി എൽ താരലേലത്തിനായി കൊച്ചിയിൽ എത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷാ കെ സി എ ഭാരവാഹികൾക്കൊപ്പം അത്താണിക്കടുത്തുള്ള സ്ഥലം പരിശോധിച്ചു.

ഭൂമി വിട്ടുനൽകുവാൻ തയ്യാറാണെന്നും പരിശോധനയിൽ ജയ് ഷാ അടക്കമുള്ളവർ തൃപ്തരാണെന്നും ഭൂവടമകൾ വ്യക്തമാക്കിയിട്ടുണ്ട്. 60 എക്കറോളം വരുന്ന സ്ഥലം ദേശീയ പാതയ്ക്ക് സമീപമാണുള്ളത്. എയർപോർട്ടിൽ വളരെ അടുത്തായതിനാൽ തന്നെ ഈ സ്ഥലം തന്നെ ബിസിസിഐ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ ഇത് സംബന്ധിച്ച് പത്രപരസ്യം കെ സി എ നൽകും.

ഇന്ത്യയിൽ സ്വന്തമായി സ്റ്റേഡിയം ഇല്ലാത്ത ചുരുക്കം ക്രിക്കറ്റ് ബോർഡുകളിൽ ഒന്നാണ് കെ സി എ. സ്വന്തമായി സ്റ്റേഡിയം ഉണ്ടെങ്കിൽ മാത്രമേ ടെസ്റ്റ് മത്സരങ്ങൾക്ക് വേദിയാകുവാൻ സാധിക്കുകയുള്ളൂ. സ്വന്തമായി സ്റ്റേഡിയം വരുന്നതോടെ ഐ പി എൽ മത്സരങ്ങളും ഒരുപക്ഷേ കേരളത്തിന് ലഭിച്ചേക്കും. കലൂർ സ്റ്റേഡിയത്തിൽ നിലവിൽ ഫുട്ബോൾ മത്സരങ്ങൾ മാത്രമാണ് നടക്കുന്നത്. മറുഭാഗത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻ്റെ അവസ്ഥ പരിതാപകകരമായിരുന്നു. പുതിയ സ്റ്റേഡിയം എത്തുന്നതിനൊപ്പം ഗ്രീൻഫീൽഡ് സ്റ്റേഡിയം കൂടെ കെ സി എ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.