Skip to content

ടീമിൻ്റെ ആവശ്യകതയാണ് നോക്കേണ്ടത്, കുൽദീപിനെ ഒഴിവാക്കിയതിനെ കുറിച്ച് ഉമേഷ് യാദവ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് കുൽദീപ് നേടിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ നിന്നും ഇന്ത്യ കുൽദീപിനെ ഒഴിവാക്കുകയായിരുന്നു.

ഇതെല്ലാം ഏതൊരു ക്രിക്കറ്ററുടെയും യാത്രയുടെ ഭാഗമാണെന്നും മികച്ച പ്രകടനം പുറത്തെടുത്ത ശേഷം തനിക്കും പുറത്തിരിക്കേണ്ടിവന്നിട്ടുണ്ടെന്നും ഉമേഷ് യാദവ് പറഞ്ഞു.

” അതെല്ലാം യാത്രയുടെ ഭാഗമാണ്. ഇതെനിക്കും സംഭവിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താലും ടീം മാനേ്മെൻ്റിൻ്റെ തീരുമാനപ്രകാരം ടീമിൽ നിന്നും പുറത്തിരിക്കേണ്ടിവരും. അവനെ ഒഴിവാക്കിയത് ടീം മാനേജ്മെൻ്റിൻ്റെ തീരുമാനപ്രകാരമാണ്. ചില സമയങ്ങളിൽ ടീമിൻ്റെ ആവശ്യകതയ്ക്കനുസരിച്ച് മുൻപോട്ട് പോകേണ്ടതുണ്ട്. വിക്കറ്റ് നോക്കിയാണ് മാനേജ്മെൻ്റ് തീരുമാനം എടുക്കുന്നത്. ” ഉമേഷ് യാദവ് പറഞ്ഞു.

ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 8 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി 40 റൺസും നേടിയിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിൽ അശ്വിനും അക്ഷർ പട്ടേലും സ്ഥാനം നിലനിർത്തിയപ്പോൾ പുറത്തുപോകാനായിരുന്നു കുൽദീപ് യാദവിൻ്റെ വിധി.