Skip to content

ഞങ്ങൾ മൂന്നുപേരുടെയും ശരാശരി കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണ്, അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ കളിക്കവെ തൻ്റെ ബാറ്റിങ് ആവറേജ് കുറയാൻ കാരണം ഇന്ത്യയിലെ പിച്ചുകളാണെന്ന് അജിങ്ക്യ രഹാനെ. തൻ്റെ മാത്രമല്ല മറ്റു സീനിയർ താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വർ പുജാര എന്നിവരുടെ ആവറേജിലും കുറവ് വന്നിരുന്നുവെന്നും അജിങ്ക്യ രഹാനെ ചൂണ്ടിക്കാട്ടി.

രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ ഡബിൾ സെഞ്ചുറി നേടിയ ശേഷം സംസാരിക്കവെയാണ് ഇന്ത്യൻ പിച്ചുകളുടെ സ്വഭാവമാണ് തങ്ങളുടെ ആവറേജ് കുറയുവാൻ കാരണമായതെന്ന് രഹാനെ ചൂണ്ടികാട്ടിയത്. തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് രഹാനെയും പുജാരയും ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെയും കൗണ്ടി ക്രിക്കറ്റിലെയും മികച്ച പ്രകടനത്തോടെ പുജാര ടീമിൽ തിരിച്ചെത്തിയപ്പോൾ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് രഹാനെ

” എൻ്റെ ബാറ്റിങ് ശൈലിയിൽ പിഴവുകൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ ഇന്ത്യയിൽ കളിക്കുകയായിരുന്നു. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്ന കളിക്കാരെ നോക്കിയാൽ അവരുടെ ആവറേജ് കുറഞ്ഞതായി കാണാം. അതിന് കാരണം വിക്കറ്റുകളാണ്. പുജാരയുടെയും എൻ്റെയും വിരാടിൻ്റെയും ബാറ്റിങ് ആവറേജ് കുറഞ്ഞു. ” രഹാനെ പറഞ്ഞു.

” വളരെയധികം തെറ്റുകൾ ഞങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായെന്ന് ഞാൻ കരുതുന്നില്ല. എല്ലാ സമയത്തും ഞങ്ങളുടെ തെറ്റ് കൊണ്ടല്ല പുറത്തായത്. ഞങ്ങൾ കളിച്ച വിക്കറ്റുകൾ അപ്രകാരമായിരുന്നു. ഞാൻ എക്സ്ക്യൂസ് പറയുകയല്ല. ഇന്ത്യയിലുണ്ടായിരുന്ന വിക്കറ്റുകൾ ഏവരും കണ്ടതാണ്. ” രഹാനെ കൂട്ടിച്ചേർത്തു.