Skip to content

മികവ് പുലർത്തി ഉമേഷ് യാദവും അശ്വിനും, ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 227 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഉമേഷ് യാദവിൻ്റെയും അഷ്വിൻ്റെയും ബൗളിംഗ് മികവിലാണ് കുറഞ്ഞ സ്കോറിൽ ഇന്ത്യ ബംഗ്ലാദേശിനെ ചുരുക്കികെട്ടിയത്.

തകർച്ചയോടെയാണ് ബംഗ്ലാദേശ് തുടങ്ങിയത്. 39 റൺസ് എടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരെയും ബംഗ്ലാദേശിന് നഷ്ടമായി. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ 16 റൺസും മുഷ്ഫിഖുർ റഹിം 26 റൺസും ലിറ്റൺ ദാസ് 25 റൺസും നേടി പുറത്തായപ്പോൾ 157 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 84 റൺസ് നേടിയ മോമിനുൾ ഹഖ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് 15 ഓവറിൽ 25 റൺസ് വഴങ്ങി നാല് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ 21.5 ഓവറിൽ 71 റൺസ് വഴങ്ങി 4 വിക്കറ്റും ജയദേവ് ഉനാഡ്കട് 2 വിക്കറ്റും നേടി.

ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പാക്കുവാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.