Skip to content

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് എൻ്റെ ലക്ഷ്യം, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ പ്രതികരിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് ഇപ്പോഴും തൻ്റെ ലക്ഷ്യമെന്ന് സീനിയർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ. രഞ്ജി ട്രോഫിയിലെ തകർപ്പൻ ഡബിൾ സെഞ്ചുറിയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് രഹാനെ തുറന്നുപറഞ്ഞത്.

രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിലാണ് മുംബൈയുടെ ക്യാപ്റ്റൻ കൂടിയായ രഹാനെ ഡബിൾ സെഞ്ചുറി കുറിച്ചത്. 261 പന്തിൽ 26 ഫോറും 3 സിക്സും ഉൾപ്പടെ 204 റൺസ് നേടിയാണ് രഹാനെ പുറത്തായത്.

” എൻ്റെ സ്വപ്നം ഇപ്പോഴും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ്. അതുകൊണ്ട് തന്നെ ഞാൻ ഒരിക്കലും തോൽവി സമ്മതിക്കില്ല. അതിനൊപ്പം തന്നെ മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുവാനും മുംബൈയെ ഓരോ മത്സരത്തിലും വിജയിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ” രഹാനെ പറഞ്ഞു.

മത്സരത്തിലേക്ക് വരുമ്പോൾ ഡബിൾ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയ്ക്കൊപ്പം 162 റൺസ് നേടിയ യശസ്വി ജയ്സ്വാളും 126 റൺസ് നേടിയ സർഫറാസ് ഖാനും 90 റൺസ് നേടിയ സൂര്യകുമാർ യാദവും മുംബൈയ്ക്കായി മികവ് പുലർത്തി. ആദ്യ ഇന്നിങ്സിൽ ഹൈദരാബാദിനെതിരെ 6 വിക്കറ്റ് നഷ്ടത്തിൽ 651 റൺസ് നേടിയാണ് മുംബൈ ഡിക്ലയർ ചെയ്തത്.