Skip to content

ബിസിസിഐയുടെ നിർണായക യോഗം നാളെ, ഹാർദിക്ക് പാണ്ഡ്യ പുതിയ ക്യാപ്റ്റനായേക്കും

ബിസിസിഐയുടെ Apex കൗൺസിൽ യോഗം നാളെ നടക്കും. നിർണായക തീരുമാനങ്ങളായിരിക്കും ഈ യോഗത്തിൽ ബിസിസിഐ ചർച്ച ചെയ്യുക. റിപ്പോർട്ടുകൾ പ്രകാരം ഹാർദിക്ക് പാണ്ഡ്യയെ ഇന്ത്യൻ ടി20 ടീമിൻ്റെ ക്യാപ്റ്റനായി ബിസിസിഐ നിയമിച്ചേക്കും.

അതുമാത്രമല്ല ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള സീനിയർ താരങ്ങളുടെ ഭാവിയിലും നിർണായക തീരുമാനം ബിസിസിഐ എടുത്തേക്കും. ടി20 ഫോർമാറ്റിൽ പുതിയ കോച്ചെന്ന തീരുമാനം ഒരുപക്ഷേ ബിസിസിഐയിൽ നിന്നുണ്ടായേക്കും.

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീട നേട്ടത്തിലെത്തിച്ച ഹാർദിക്ക് പാണ്ഡ്യ അയർലൻഡിനെതിരായ പരമ്പരയിലും ന്യൂസിലൻഡിനെതിരായ പരമ്പരയിലും ഇന്ത്യയെ നയിച്ചിരുന്നു.

ഐസിസി ടി20 ലോകകപ്പിലെയും ഒപ്പം ഏഷ്യ കപ്പിലെയും ഇന്ത്യയുടെ പ്രകടനം യോഗത്തിൽ ചർച്ചയാകും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയും യോഗത്തിൽ ചർച്ചയാകും. നാളെ നടക്കുന്ന യോഗത്തിൽ പുതിയ സെലക്ഷൻ പാനലിനെയും ബിസിസിഐ തിരഞ്ഞെടുക്കും. ടി20 ലോകകപ്പിലെ തോൽവിയ്ക്ക് പുറകെ സെലക്ഷൻ പാനലിനെ ബിസിസിഐ പിരിച്ചുവിട്ടിരുന്നു.

അടുത്ത വർഷം നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പിങ്ക് ടെസ്റ്റ് ഉൾപ്പെടുത്തണമോയെന്ന തീരുമാനം നാളെ ബിസിസിഐയിൽ നിന്നുണ്ടാകും.