Skip to content

രഞ്ജി ട്രോഫിയിൽ സെഞ്ചുറിയുമായി തിളങ്ങി അജിങ്ക്യ രഹാനെ

രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി തകർപ്പൻ സെഞ്ചുറി കുറിച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഹൈദരാബാദിനെതിരായ മത്സരത്തിലായിരുന്നു സീനിയർ താരത്തിൻ്റെ ഈ തകർപ്പൻ പ്രകടനം.

121 പന്തിൽ നിന്നുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ 38 ആം സെഞ്ചുറി അജിങ്ക്യ രഹാനെ നേടിയത്. മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപെട്ട രഹാനെയ്ക്ക് ആഭ്യന്തര ക്രിക്കറ്റിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. മറുഭാഗത്ത് അജിങ്ക്യ രഹാനെയ്ക്കൊപ്പം ടീമിൽ നിന്നും ഒഴിവാക്കപെട്ട മറ്റൊരു സീനിയർ താരം ചേതേശ്വർ പുജാര ആഭ്യന്തര ക്രിക്കറ്റിലെയും കൗണ്ടി ക്രിക്കറ്റിലെയും മികച്ച പ്രകടനത്തിൻ്റെ മികവിൽ ടീമിൽ തിരിച്ചെത്തിയിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ദിനം കളി നിർത്തുമ്പോൾ മുംബൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 457 റൺസ് നേടിയിട്ടുണ്ട്. 190 പന്തിൽ 139 റൺസ് നേടിയ അജിങ്ക്യ രഹാനെയും 40 റൺസ് നേടിയ സർഫറാസ് ഖാനുമാണ് മുംബൈയ്ക്ക് വേണ്ടി ക്രീസിലുള്ളത്.

19 റൺസ് നേടിയ പൃഥ്വി ഷാ, 90 റൺസ് നേടിയ സൂര്യകുമാർ യാദവ്, 162 റൺസ് നേടിയ യശസ്വി ജയ്സ്വാൾ എന്നിവരുടെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.