Skip to content

അദ്ദേഹത്തിന് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ നോട്ടമുണ്ടായിരുന്നില്ല, ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇഷാൻ കിഷൻ

ബാറ്റിങിൽ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യം ഇഷാൻ കിഷൻ വെളിപ്പെടുത്തിയത്. ഇടംകയ്യൻ ബാറ്റ്സ്മാനായ ഇഷാൻ കിഷൻ്റെ ബാറ്റിങിലെ റോൾ മോഡൽ ഒരു വലംകയ്യനായിരുന്നു മറ്റാരുമല്ല ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് തന്നെ.

ധോണിയുടെ നാട്ടിൽ നിന്നുമുള്ള ഇഷാൻ കിഷൻ ധോണിയുടെ വലിയ ആരാധകനാണ്. പക്ഷേ ധോണിക്ക് മുൻപേ തനിക്ക് അറ്റാക്കിങ് ഷോട്ടുകൾ കളിക്കുവാൻ പ്രചോദനം നൽകിയത് സെവാഗിൻ്റെ ബാറ്റിങായിരുന്നുവെന്ന് ഇഷാൻ കിഷൻ തുറന്നുപറഞ്ഞു.

” ഞാൻ ഇങ്ങനെ ബാറ്റ് ചെയ്യുന്നത് അദ്ദേഹത്തിൻ്റെ (സെവാഗ്) ഒരുപാട് ഹൈലൈറ്റ്സ് കണ്ടതുകൊണ്ടാകാം. അദ്ദേഹം ബൗളർമാരെ അടിച്ചൊതുക്കിയ രീതി, അത് ബ്രെറ്റ് ലീയെന്നോ അക്തറെന്നോ അദ്ദേഹത്തിന് നോട്ടമുണ്ടായിരുന്നില്ല എല്ലാവർക്കെതിരെയും അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്ക് പായിച്ചു. ആ അവബോധം ഒരുപക്ഷേ അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ചിരിക്കാം. അറ്റാക്ക് ചെയ്തുകൊണ്ട് കളിക്കാനാണ് ഞാനും ഇഷ്ടപെടുന്നത്. അദേഹത്തെ കൂടാതെ ആദം ഗിൽക്രിസ്റ്റിൻ്റെ ബാറ്റിങും ഞാൻ ഒരുപാട് കാണാറുണ്ട്. ” ഇഷാൻ കിഷൻ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ഡബിൾ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ എന്നിവരുടെ പട്ടികയിൽ ഇഷാൻ കിഷനും സ്ഥാനം പിടിച്ചിരുന്നു. അതിന് ശേഷം രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു.