Skip to content

രഞ്ജി ട്രോഫിയിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശി തിരിച്ചുവരവറിയിച്ച് സൂര്യകുമാർ യാദവ്

രഞ്ജി ട്രോഫിയിലെ തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. മുംബൈയ്ക്ക് വേണ്ടി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കളിക്കാനെത്തിയ സൂര്യ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഏകദിന ശൈലിയിലായിരുന്നു ബാറ്റ് വീശിയത്.

ഹൈദരാബാദിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 80 പന്തിൽ 15 ഫോറും ഒരു സിക്സും ഉൾപ്പടെ 90 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. സൂര്യകുമാർ യാദവിനൊപ്പം 19 റൺസ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റും മുംബൈയ്ക്ക് നഷ്ടമായി. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളും ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുമാണ് മുംബൈയ്ക്കായി ക്രീസിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നേരത്തെ സൂര്യകുമാർ യാദവ് തുറന്നുപറഞ്ഞിരുന്നു. ടെസ്റ്റ് ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപെടുത്തിയിരുന്നുവെങ്കിലും അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചില്ല. പക്ഷേ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ പോലെ പ്ലേയിങ് ഇലവനിൽ ഇടം നേടുക സൂര്യകുമാർ യാദവിന് എളുപ്പമാവില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 77 മത്സരങ്ങൾ കളിച്ചിട്ടുള്ള സൂര്യകുമാർ യാദവ് 44.01 ശരാശരിയിൽ 14 സെഞ്ചുറിയും 26 ഫിഫ്റ്റിയും ഉൾപ്പടെ 5326 റൺസ് നേടിയിട്ടുണ്ട്.