Skip to content

വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനെ വെള്ളപൂശി ചരിത്രറെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട്. കറാച്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ചാണ് പരമ്പര 3-0 ന് ഇംഗ്ലണ്ട് തൂത്തുവാരിയത്. ഇതോടെ പാകിസ്ഥാനിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട് സ്വന്തമാക്കി.

മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാനെ അവരുടെ നാട്ടിൽ വെച്ച് ഒരു ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമെന്ന ചരിത്രറെക്കോർഡ് ബെൻ സ്റ്റോക്സും കൂട്ടരും സ്വന്തമാക്കി. ദയനീയ പ്രകടനമായിരുന്നു പരമ്പരയിൽ ഉടനീളം പാകിസ്ഥാൻ കാഴ്ച്ചവെച്ചത്. കയ്യിൽ കിട്ടിയ മത്സരം പോലും പാകിസ്ഥാൻ കൈവിട്ടിരുന്നു.

മൂന്നാം മത്സരത്തിൽ 167 റൺസിൻ്റെ വിജയലക്ഷ്യം 82 റൺസ് നേടിയ ബെൻ ഡക്കറ്റിൻ്റെ മികവിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 35 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ സാക് ക്രോലി 41 റൺസും രേഹൻ അഹമ്മദ് 10 റൺസും നേടി പുറത്തായി.

സ്വന്തം നാട്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാൻ ഏറ്റുവാങ്ങുന്ന തുടർച്ചയായ നാലാം തോൽവി കൂടിയാണിത്. ഈ പരമ്പരയിൽ ഇംഗ്ലണ്ടിനോട് മൂന്ന് മത്സരങ്ങളിലും തോറ്റ പാകിസ്ഥാൻ ഈ വർഷം മാർച്ചിൽ ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും പരാജയപെട്ടിരുന്നു.