Skip to content

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ചുറി കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ തകർപ്പൻ ഡബിൾ സെഞ്ചുറി നേടിയതിന് തൊട്ടുപുറകെ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സെഞ്ചുറിയുമായി ജാർഖണ്ഡ് താരം ഇഷാൻ. 166 പന്തിൽ നിന്നാണ് കേരളത്തിനെതിരെ ഇഷാൻ കിഷൻ സെഞ്ചുറി നേടിയിരിക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ ആറാം സെഞ്ചുറിയാണ് ഇഷാൻ കിഷൻ നേടിയിരിക്കുന്നത്. 114/4 എന്ന നിലയിലാണ് ജാർഖണ്ഡിനായി ഇഷാൻ കിഷൻ ക്രീസിലെത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം ആദ്യ ഇന്നിങ്സിൽ 475 റൺസ് നേടിയിരുന്നു. 150 റൺസ് നേടിയ അക്ഷയ് ചന്ദ്രൻ, 79 റൺസ് നേടിയ രോഹൻ പ്രേം, 72 റൺസ് നേടിയ സഞ്ജു സാംസൺ, 83 റൺസ് നേടിയ സിജോമോൻ ജോസഫ്, 50 റൺസ് നേടിയ രോഹൻ കുന്നുമ്മൽ എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു തകർപ്പൻ ഡബിൾ സെഞ്ചുറി ഇഷാൻ കിഷൻ നേടിയത്. 131 പന്തിൽ 24 ഫോറും 10 സിക്സും ഉൾപ്പടെ 210 റൺസ് ഇഷാൻ കിഷൻ നേടിയിരുന്നു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ, ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാൻ എന്നീ റെക്കോർഡുകൾ ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു.