Skip to content

ഈ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ? സൂര്യകുമാർ യാദവിനെ പിന്നിലാക്കി ശ്രേയസ് അയ്യർ

ഈ വർഷം തകർപ്പൻ പ്രകടനമാണ് ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അവസരം ലഭിച്ചപ്പോഴെല്ലാം അത് വേണ്ടവിധത്തിൽ ഉപയോഗിക്കുവാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും മികവ് പുലർത്തിയതോടെ ഈ വർഷത്തെ ഇന്ത്യയുടെ ടോപ്പ് സ്കോററായി മാറിയിരിക്കുകയാണ് ശ്രേയസ് അയ്യർ.

ബംഗ്ലാദേശിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 82 റൺസ് നേടി ശ്രേയസ് അയ്യർ ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനായി ശ്രേയസ് അയ്യർ മാറി. സൂര്യകുമാർ യാദവിനെ പിന്നിലാക്കിയാണ് ഈ വർഷത്തെ ഇന്ത്യയുടെ ടോപ്പ് സ്കോററായി ശ്രേയസ് അയ്യർ മാറിയത്.

ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 38 ഇന്നിങ്സിൽ നിന്നും 48.03 ശരാശരിയിൽ ഒരു സെഞ്ചുറിയും 13 ഫിഫ്റ്റിയും ഉൾപ്പടെ 1489 റൺസ് ശ്രേയസ് നേടിയിട്ടുണ്ട്. മറുഭാഗത്ത് 43 ഇന്നിങ്സിൽ നിന്നും 40.68 ശരാശരിയിൽ 1424 റൺസാണ് സൂര്യകുമാർ യാദവ് നേടിയിട്ടുള്ളത്.

39 ഇന്നിങ്സിൽ നിന്നും 1304 റൺസ് നേടിയ വിരാട് കോഹ്ലി, 41 ഇന്നിങ്സിൽ നിന്നും 1278 റൺസ് നേടിയ റിഷഭ് പന്ത്, 40 ഇന്നിങ്സിൽ നിന്നും 995 റൺസ് നേടിയ രോഹിത് ശർമ്മ എന്നിവരാണ് ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള മറ്റു താരങ്ങൾ.