Skip to content

രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായതോടെയാണ് കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചത്.

ഇന്ത്യൻ എ ടീം ക്യാപ്റ്റൻ അഭിമന്യു ഈശ്വരനെ രോഹിത് ശർമയ്ക്ക് പകരക്കാരനായി ടീമിൽ ഉൾപെടുത്തി. പറിക്കിൽ നിന്നും പൂർണ്ണമായും മുക്തരാകാത്ത ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും പരമ്പരയിൽ നിന്നും പുറത്തായി. നവദീപ് സെയ്നി, സൗരഭ് കുമാർ എന്നിവരെ പകരക്കാരായി ഇന്ത്യ ടീമിൽ ഉൾപെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുന്ന ജയദേവ് ഉനാഡ്കട്ടിനെയും ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഡിസംബർ പതിനാലിനാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം ; കെ എൽ രാഹുൽ (C), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര (VC), വിരാട് കോലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് (wk), കെഎസ് ഭരത് (wk), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, മൊഹമ്മദ്. സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരൻ, നവദീപ് സൈനി, സൗരഭ് കുമാർ, ജയദേവ് ഉനദ്കട്ട്