Skip to content

ആവേശം സൂപ്പറോവർ വരെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൂപ്പർ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്. ടി20 ക്രിക്കറ്റിൽ തുടർച്ചയായ 16 വിജയങ്ങൾക്ക് ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ തോൽവിയാണിത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 റൺസ് അടിച്ചുകൂട്ടി. ആദ്യ പന്തിൽ തന്നെ സിക്സ് പറത്തിയ റിച്ച ഗോഷ് തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും 3 പന്തിൽ 13 റൺസ് നേടി സ്മൃതി മന്ദാന ഇന്ത്യയ്ക്കായി തകർത്തടിച്ചു. മറുപടി ബാറ്റിങിൽ രേണുക സിങിനെതിരെ 16 റൺസ് നേടാനെ ഓസ്ട്രേലിയക്ക് സാധിച്ചുള്ളൂ.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 188 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് സ്മൃതി മന്ദാനയും ഷഫാലി വർമ്മയും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 76 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഷഫാലി വർമ്മർ 23 പന്തിൽ 34 റൺസ് നേടി പുറത്തായപ്പോൾ സ്മൃതി മന്ദാന 49 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പെടെ 79 റൺസ് നേടി. പതിനേഴാം ഓവറിൽ സ്മൃതി പുറത്തായെങ്കിലും 13 പന്തിൽ 26 റൺസ് നേടിയ റിച്ച ഗോഷും 5 പന്തിൽ 11 റൺസ് നേടിയ ദേവിക വൈദ്യയും തിളങ്ങിയതോടെയാണ് ഇന്ത്യ മത്സരത്തിൽ ഒപ്പമെത്തിയത്.

അവസാന പന്തിൽ 5 റൺസ് വേണമെന്നിരിക്കെ ദേവിക ഫോർ നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ബെത് മൂണിയുടെയും ടാലിയ മഗ്രാത്തിൻ്റെയും മികവിലാണ് നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടിയത്. ബെത് മൂണി 54 പന്തിൽ 82 റൺസ് നേടിയപ്പോൾ ടാലിയ മഗ്രാത്ത് 51 പന്തിൽ 71 റൺസ് നേടി.