മുൾത്താൻ സ്റ്റേഡിയത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പാകിസ്ഥാൻ-ഇംഗ്ലണ്ട് തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ക്യാമറയിൽ പതിഞ്ഞ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ മറുവശത്ത് ഉണ്ടായിരുന്ന ഷഫീഖുമായി ഇടവേളയിൽ സംസാരിക്കുന്നതാണ് ഫോട്ടോ. ഒറ്റ നോട്ടത്തിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് കുടവയർ ഉള്ളതായി തോന്നിപ്പിക്കുന്ന ഫോട്ടോയായിരുന്നത്.
അമ്പയർ ഏറസ്മസ് ബാബർ അസമിന് അടുത്തായി ഫ്രെയിമിൽ വന്നതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായത്.
മത്സരത്തിന്റെ മൂന്നാം ദിനം ഫീൽഡിങ്ങിനിടെ ഈ ഫോട്ടോ റിക്രിയേറ്റ് ചെയ്തത് വീണ്ടും സംഭവം സോഷ്യൽ മീഡിയയിൽ വൈറലാക്കി. കമെന്റർമാരും ഈ രസകരമായ നിമിഷത്തിൽ പങ്കുചേർന്നു.
അതേസമയം മത്സരത്തിൽ 355 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സ് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാൻ മൂന്നാം ദിനം അവസാനിച്ചപ്പോൾ 4 വിക്കറ്റിൽ 198 റൺസ് നേടിയിട്ടുണ്ട്. 6 വിക്കറ്റ് ബാക്കി നിൽക്കെ ജയിക്കാൻ 158 റൺസ് കൂടി നേടണം. 54 റൺസുമായി ഷകീലും, 3 റൺസുമായി ഫഹീം അഷ്റഫുമാണ് ക്രീസിൽ. 60 റൺസ് നേടിയ ഇമാമുൾ ഹഖാണ് ഒടുവിൽ പുറത്തായത്.