Skip to content

അവസരം നൽകിനോക്കൂ സഞ്ജുവും ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടും : മുൻ പാകിസ്ഥാൻ താരം

ബംഗ്ലാദേശിനെതിരെ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. അവസരം നൽകിയാൽ ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടുവാൻ സഞ്ജു സാംസണും സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.

രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത് കൊണ്ട് മാത്രമായിരുന്നു മത്സരത്തിൽ ഇഷാൻ കിഷന് അവസരം ലഭിച്ചത്. മറിച്ചായിരുന്നെങ്കിൽ രോഹിത് ശർമ്മയും തുടർച്ചയായി മോശം പ്രകടനം തുടരുന്ന ധവാനും ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തേനെ. തനിക്ക് പരിചിതമല്ലാത്ത ബാറ്റിങ് ഓർഡറിലാണ് ഇന്ത്യ സഞ്ജുവിന് അവസരങ്ങൾ നൽകിയത്. എന്നിരുന്നാലും ടീമിന് വേണ്ടി മികച്ച പ്രകടനം എല്ലായ്പ്പോഴും സഞ്ജു കാഴ്ച്ചവെച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ സഞ്ജു ഡബിൾ സെഞ്ചുറി നേടിയിട്ടുണ്ട്.

” ഇഷാൻ കിഷൻ്റേത് അസാമാന്യ ഇന്നിങ്സ് തന്നെയായിരിന്നു. ഈ കരണം കൊണ്ടാണ് മുംബൈ ഇന്ത്യൻസ് വലിയ വിലയ്ക്ക് അവനെ ടീമിലെത്തിച്ചത്. താനിനി ബെഞ്ചിൽ ഇരിക്കുവാൻ ഒരുക്കമല്ലെന്ന് അവൻ സെലക്ടർമാരെ അറിയിച്ചു. “

” ഇതുപോലെ ഇന്ത്യൻ ടീമിൽ സ്ഥിരമായി നമ്മൾ കാണാൻ ആഗ്രഹിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പർ കൂടെയുണ്ട്. എത് സഞ്ജു സാംസനാണ്. അവനും ഡബിൾ സെഞ്ചുറി നേടുവാൻ സാധിക്കും അതിനുള്ള കഴിവും മനസാന്നിധ്യവും അവനുണ്ട്. പക്ഷേ അവസരങ്ങൾ നൽകിയാൽ മാത്രമേ അവർക്ക് സ്കോർ ചെയ്യുവാൻ സാധിക്കൂ. ” ഡാനിഷ് കനേരിയ പറഞ്ഞു.