Skip to content

ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും, താരം ടീമിൽ നിന്നും പുറത്താകാൻ സാധ്യത

ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഏകദിന ടീമിൽ മാത്രമുള്ള ധവാൻ മോശം പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഓപ്പണിങിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ കിട്ടിയ അവസരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി ഇഷാൻ കിഷൻ നേടിയിരുന്നു.

പുതിയ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമായിരിക്കും ധവാൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അതിന് മുൻപേ ക്യാപ്റ്റൻ രോഹിത് ശർമ്മയുമായും കോച്ച് രാഹുൽ ദ്രാവിഡുമായും ബിസിസിഐ ചർച്ച നടത്തും. ബംഗ്ലാദേശ് പര്യടനത്തിലെ ടീമിൻ്റെ മോശം പ്രകടനവും ചർച്ചയാകും.

വിരാട് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ശേഷം നിലവിലെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമാണ് ശിഖാർ ധവാൻ. ഐസിസി ടൂർണമെൻ്റുകളിലെ താരത്തിൻ്റെ പ്രകടനം കണക്കിലെടുത്തുകൊണ്ട് ഒരുപക്ഷേ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കൂടെ ധവാന് അവസരം നൽകിയേക്കും.

സീനിയർ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കികൊണ്ട് യുവതാരങ്ങളെ ടീമിൽ കൊണ്ടുവരേണ്ടത് ടീമിൻ്റെ ഭാവിയ്ക്ക് അനിവാര്യമാണ്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ധവാൻ എന്നിവരിൽ ടീം ആദ്യം ഒഴിവാക്കുക ശിഖാർ ധവാനെ തന്നെയായിരിക്കും. മോശം പ്രകടനത്തിനൊപ്പം താരത്തിൻ്റെ സ്ട്രൈക്ക് റേറ്റും ടീമിന് തലവേദനയാണ്. താരത്തിൻ്റെ സ്ട്രൈക്ക് കോഹ്ലി അടക്കമുള്ളവരിൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ട്. മറുഭാഗത്ത് കഴിഞ്ഞ മത്സരത്തിൽ ഇഷാൻ കിഷൻ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തതോടെ കോഹ്ലിയ്ക്കും മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നു.