Skip to content

ഡബിൾ സെഞ്ചുറിയോടെ ഇഷാൻ കിഷൻ സ്വന്തമാക്കിയത് 3 അപൂർവ നേട്ടങ്ങൾ

ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി വമ്പൻ റെക്കോർഡിൽ നടന്നു കയറി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ഏകദിന സീരീസിലെ അവസാന മത്സരത്തിൽ രോഹിതിന്റെ പകരക്കാരനായാണ് ടീമിൽ എത്തിയത്. ഓപ്പണിങ്ങിൽ എത്തിയ ഇഷാൻ കിഷൻ 126 പന്തിൽ നിന്നാണ് ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്. പുറത്താകുമ്പോൾ 131 പന്തിൽ 10 സിക്‌സും 24 ഫോറും ഉൾപ്പെടെ 210 റൺസ് നേടിയിരുന്നു.

41 പന്തിൽ നിന്നാണ് സെഞ്ചുറിയിൽ നിന്ന് ഡബിൾ സെഞ്ചുറിയിലേക്ക് എത്തിയത്. അറ്റാക്കിങ് ശൈലിയിൽ ഇന്നിംഗ്‌സിന്റെ ഉടനീളം ബാറ്റ് വീശിയ ഇഷാൻ ഡബിൾ സെഞ്ചുറിയോടെ അപൂർവ നേട്ടങ്ങളും സ്വന്തം പേരിൽ കുറിച്ചു.

ബംഗ്ലാദേശിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇഷാൻ സ്വന്തം പേരിലാക്കിയത്. 2011ൽ 185 റൺസ് നേടിയ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്സന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സിൽ ഡബിൾ സെഞ്ചുറി മറ്റൊരു നേട്ടവും ഇഷാൻ സ്വന്തമാക്കിയിട്ടുണ്ട്. ഇഷാൻ ഏകദിന കരിയറിലെ ഒമ്പതാം ഇന്നിങ്‌സാണിത് 

126 പന്തിൽ ഡബിൾ സെഞ്ചുറി നേടിയതോടെ അതിവേഗത്തിൽ ഡബിൾ സെഞ്ചുറി നേടുന്ന റെക്കോർഡ് ഇഷാൻ കിഷനെ തേടിയെത്തിയിരുന്നു. 2015 സിംബാബ്‌വെയ്ക്കെതിരെ 138 പന്തിൽ ഡബിൾ സെഞ്ചുറി നേടിയ ഗെയ്‌ലിന്റെ പേരിലായിരുന്നു ഈ റെക്കോർഡ് ഇത്രയും നാളും.