Skip to content

ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മാത്രം, റിക്കി പോണ്ടിങിനെയും പിന്നിലാക്കി കിങ് കോഹ്ലി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. 2019 ന് ശേഷം ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് കോഹ്ലി കുറിച്ചത്. സെഞ്ചുറിയോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ റിക്കി പോണ്ടിങിനെ കോഹ്ലി പിന്നിലാക്കി.

ഏകദിന ക്രിക്കറ്റിലെ 44 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 72 ആം സെഞ്ചുറിയുമാണ് മത്സരത്തിൽ കിങ് കോഹ്ലി നേടിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് കിങ് കോഹ്ലി സ്വന്തമാക്കി.

688 ഇന്നിങ്സിൽ നിന്നും 71 സെഞ്ചുറി നേടിയ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെയാണ് കോഹ്ലി പിന്നിലാക്കിയത്. വെറും 536 ഇന്നിങ്സിൽ നിന്നുമാണ് കോഹ്ലി 72 സെഞ്ചുറി നേടിയിരിക്കുന്നത്. 782 ഇന്നിങ്സിൽ നിന്നും 100 സെഞ്ചുറിയോടെയാണ് സച്ചിൻ ടെണ്ടുൽക്കർ ഒന്നാം സ്ഥാനത്തുള്ളത്.

നീണ്ട 1024 ദിവസങ്ങൾക്ക് ശേഷമാണ് കോഹ്ലി ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്. ഇതിന് മുൻപ് 2019 ഓഗസ്റ്റിലായിരുന്നു കോഹ്ലി ഏകദിന സെഞ്ചുറി നേടിയത്. ഏകദിന ക്രിക്കറ്റിൽ ഇനി സച്ചിനെ പിന്നിലാക്കുവാൻ 6 സെഞ്ചുറി മാത്രമാണ് കോഹ്ലിക്ക് വേണ്ടത്.