Skip to content

ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ. ഇഷാൻ കിഷൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

ഏകദിന ക്രിക്കറ്റിൽ നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ 400 ലധികം റൺസ് നേടുന്നത്. ഇതിന് മുൻപ് 2014 ൽ ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യ 400 റൺസ് നേടിയിരുന്നത്. ഏകദിന ക്രിക്കറ്റിൽ ഇത് ആറാം തവണയാണ് ഇന്ത്യ 400 റൺസ് പിന്നിടുന്നത്. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന നാലാമത്തെ ടീം ടോട്ടൽ കൂടിയാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ശിഖാർ ധവാനെ നഷ്ടപെട്ടിരുന്നു. എന്നാൽ പിന്നീട് കോഹ്ലിയും ഇഷാൻ കിഷനും താളം കണ്ടെത്തിയതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറിക്കുകയായിരുന്നു. 290 റൺസാണ് രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനും വിരാട് കോഹ്ലിയും കൂട്ടിച്ചേർത്തത്.

ഏകദിന ക്രിക്കറ്റിൻ്റെ ഡബിൾ സെഞ്ചുറി കുറിച്ച ഇഷാൻ കിഷൻ 131 പന്തിൽ 24 ഫോറും 10 സിക്സും അടക്കം 210 റൺസ് അടിച്ചുകൂട്ടിയപ്പോൾ ഏകദിന ക്രിക്കറ്റിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച കിങ് കോഹ്ലി 91 പന്തിൽ 11 ഫോറും 2 സിക്സും ഉൾപ്പെടെ 113 റൺസ് നേടി. ശ്രേയസ് അയ്യർക്കും ക്യാപ്റ്റൻ കെ എൽ രാഹുലിനും തിളങ്ങാൻ സാധിച്ചില്ലയെങ്കിലും 27 പന്തിൽ 37 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ അവസാന ഓവറുകളിൽ മികവ് പുലർത്തിയതോടെയാണ് ഇന്ത്യ 400 കടന്നത്.