Skip to content

പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടി തകർത്താടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. 131 പന്തിൽ 210 റൺസ് നേടിയാണ് മത്സരത്തിൽ താരം പുറത്തായത്. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനാണ് ഇഷാൻ കിഷൻ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ, മാർട്ടിൻ ഗപ്റ്റിൽ, ക്രിസ് ഗെയ്ൽ, ഫഖാർ സമാൻ എന്നിവരാണ് ഇതിന് മുൻപ് ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ. വെറും 126 പന്തിൽ നിന്നുമാണ് ഇഷാൻ ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് ഇന്ത്യൻ യുവതാരം സ്വന്തമാക്കി.

138 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലിനെയും 140 പന്തിൽ സബിൾ സെഞ്ചുറി നേടിയ വീരേന്ദർ സെവാഗിനെയുമാണ് ഇഷാൻ കിഷൻ പിന്നിലാക്കിയത്. 24 ഫോറും 10 സിക്സും മത്സരത്തിൽ താരം അടിച്ചുകൂട്ടിയിരുന്നു.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനും ആദ്യമായി ഡബിൾ സെഞ്ചുറി നേടുന്ന ഇന്ത്യൻ ഇടം കയ്യൻ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ കിഷൻ.