Skip to content

ഇന്ത്യൻ ടീം തകർച്ചയിലേക്കോ ? ഈ വർഷം തോറ്റത് മൂന്ന് ഏകദിന പരമ്പരകൾ, 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇന്ത്യൻ ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന പ്രകടനമാണ് ഈ വർഷം ഇന്ത്യൻ ടീമിൽ നിന്നുണ്ടായത്. ഐസിസി ടൂർണമെൻ്റ് വിജയിച്ചിട്ട് പത്തിലേറെ വർഷങ്ങൾ ആയെങ്കിലും പരമ്പരകളിൽ മേധാവിത്വം പുലർത്താൻ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഈ വർഷം പരമ്പരകളിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ മേധാവിത്വം പുലർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല.

ഈ വർഷം മൂന്ന് ഏകദിന പരമ്പരകളിലാണ് ഇന്ത്യ പരാജയപെട്ടത്. ജനുവരിയിൽ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന പരമ്പരയിൽ 3-0 ന് പരാജയപെട്ട ഇന്ത്യ ന്യൂസിലൻഡിനെതിരെ കഴിഞ്ഞ മാസം നടന്ന പരമ്പരയിൽ 1-0 നും ഇപ്പോൾ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ 2-0 നും പരാജയപെട്ടിരുന്നു. 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു കലണ്ടർ വർഷത്തിൽ മൂന്ന് പരമ്പരകളിൽ ഇന്ത്യ പരാജയപെടുന്നത്.

ബംഗ്ളാദേശിനെതിരായ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിന് പരാജയപെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 5 റൺസിനാണ് പരാജയപെട്ടത്. നാളെ നടക്കുന്ന മത്സരത്തിൽ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ആത്മവിശ്വാസം കണ്ടെത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മയില്ലാതെയാകും ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുക.

മൂന്നാം മത്സരത്തിൽ കുൽദീപ് യാദവിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. രണ്ട് മത്സരത്തിൽ പരാജയപെട്ട ശേഷമാണ് ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ ടീമിൽ ഉൾപ്പെടുത്താനുള്ള ബുദ്ധി ടീം കാണിച്ചത്.