Skip to content

ഹോം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ, തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് മത്സരം

ജനുവരിയിൽ ആരംഭിക്കുന്ന ഹോം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. 4 ടെസ്റ്റ് മത്സരങ്ങളും 9 ഏകദിന മത്സരങ്ങളും 6 ടി20 മത്സരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി ഇന്ത്യൻ ടീം കളിക്കും. തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ബിസിസിഐ മത്സരം അനുവദിച്ചു.

ശ്രീലങ്കയുമായുള്ള ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം സീസൺ ആരംഭിക്കുക. മൂന്ന് മത്സരങ്ങളുടെ പരമ്പര ജനുവരിയിൽ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിക്കും. ജനുവരി 10 നാണ് ഏകദിന പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മത്സരം ജനുവരി 15 ന് തിരുവനന്തപുരത്ത് വെച്ചുനടക്കും. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിന് മത്സരം ലഭിക്കുന്നത്.

ജനുവരി 18 നാണ് മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ ന്യൂസിലൻഡിൻ്റെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. ഏകദിന പരമ്പരയോടെ ആരംഭിക്കുന്ന പര്യടനം ഫെബ്രുവരി ഒന്നിന് അവസാനിക്കും.

ഫെബ്രുവരി ഒമ്പതിനാണ് ഓസ്ട്രേലിയയുമായുള്ള ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കുക. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പര നാഗ്പൂർ, ഡൽഹി, ധർമ്മശാല, അഹമ്മദാബാദ് എന്നിവടങ്ങളിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയും ഓസ്ട്രേലിയ കളിക്കും.