Skip to content

രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരിക്കിൽ അപ്ഡേറ്റുമായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ മൂന്നാം മത്സരത്തിൽ കളിക്കില്ലെന്ന് പ്രസ്സ് കോൺഫ്രൻസിൽ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ഇന്ത്യയ്ക്ക് വേണ്ടി ഫീൽഡ് ചെയ്തിരുന്നില്ല. എന്നാൽ ഇന്ത്യൻ ഇന്നിങ്സിൽ ഏഴാം വിക്കറ്റ് നഷ്ടമായ ശേഷം 43 ആം രോഹിത് ശർമ്മ ബാറ്റിങിനിറങ്ങിയിരുന്നു. 28 പന്തിൽ 51 റൺസ് നേടിയ രോഹിത് ശർമ്മ അവസാന പന്ത് വരെ പോരാടിയെങ്കിലും മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

പരിക്ക് മൂലം പുറത്തായ രോഹിത് ശർമ്മ വിദഗ്ദ ചികിത്സക്കായി മുംബൈയിലേക്ക് തിരിക്കുമെന്നും രോഹിത് ശർമ്മയെ കൂടാതെ പേസർമാരായ കുൽദീപ് സെനും ദീപക് ചഹാറും പരിക്ക് മൂലം പുറത്തായെന്നും രാഹുൽ ദ്രാവിഡ് അറിയിച്ചു. ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിക്കുമോയെന്ന് ഉറപ്പുപറയാറായിട്ടില്ല.

ഡിസംബർ പത്തിനാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ഡിസംബർ 14 നാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.