Skip to content

ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പോരാട്ടവീര്യമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. പരിക്കേറ്റ വിരലുമായി ബാറ്റിങിനിറങ്ങിയ ഹിറ്റ്മാൻ അവസാന പന്ത് വരെ ഇന്ത്യയ്ക്കായി പോരാടി. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ.

28 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 51 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു. മത്സരത്തിൽ നേടിയ ഈ അഞ്ച് സിക്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സെന്ന ചരിത്ര റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സ് നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്സ്മാനാണ് രോഹിത് ശർമ്മ. മുൻ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സ് പൂർത്തിയാക്കിയ ആദ്യ ബാറ്റ്സ്മാൻ. 551 ഇന്നിങ്സിൽ നിന്നും 553 സിക്സ് ക്രിസ് ഗെയ്ൽ നേടിയിട്ടുണ്ട്. മറുഭാഗത്ത് വെറും 444 ഇന്നിങ്സിൽ നിന്നുമാണ് ഹിറ്റ്മാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സ് പൂർത്തിയാക്കിയത്.

ഏകദിനത്തിൽ 228 ഇന്നിങ്സിൽ നിന്നും 256 സിക്സ് നേടിയിട്ടുള്ള ഹിറ്റ്മാൻ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 140 ഇന്നിങ്സിൽ നിന്നും 182 സിക്സും ടെസ്റ്റ് ക്രിക്കറ്റിൽ 45 മത്സരങ്ങളിൽ നിന്നും 64 സിക്സും നേടിയിട്ടുണ്ട്.